ജോലിഭാരം താങ്ങാനായില്ല; റോബോട്ട് ‘ആത്മഹത്യ’ ചെയ്തു
സോൾ: ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം മനുഷ്യർ ആത്മഹത്യ ചെയ്യുന്ന വാർത്ത അപൂർവ്വമല്ല. എന്നാൽ വളരെ വിചിത്രമായ വാർത്തയാണ് ദക്ഷിണ കൊറിയയിൽ നിന്ന് വരുന്നത്. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് ‘ആത്മഹത്യ’ ചെയ്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. റോബോട്ട് സൂപ്പർവൈസറെന്ന് അറിയപ്പെടുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ ആദ്യത്തെ റോബർട്ട് ആത്മഹത്യ ആഗോള തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.ഗോവണിപ്പടിയിൽ നിന്ന് താഴെ വീണ റോബോർട്ട് പിന്നീട് പ്രവർത്തന രഹിതമായാതായി കണ്ടെത്തി. കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും ഗോവണിപ്പടിയുടെ സമീപം റോബോട്ട് സൂപ്പർവൈസറിനെ തകർന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ റോബോട്ടുകളുടെ ജോലിഭാരത്തെ കുറിച്ചും വലിയ രീതിയില് ചർച്ചകൾ ഉയർന്നു.
സംഭവത്തിന് മുൻപ് റോബോട്ട് ഒന്ന് രണ്ട് വട്ടം കറങ്ങിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. റോബോട്ടിന്റെ ആത്മഹത്യ സംബന്ധിച്ചുള്ള കാരണം ഇനിയും അവ്യക്തമാണ്. റോബോട്ടിന്റെ തകർന്ന ഭാഗങ്ങൾ ശേഖരിച്ചുകൊണ്ട് കാരണം വിശകലനം ചെയ്യുകയാണെന്ന് കമ്പനി സിറ്റി കൗൺസിലിൽ അറിയിച്ചു.
കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്സാണ് ഈ റോബോട്ട് നിർമ്മിച്ചത്. 2023 ആഗസ്റ്റിൽ ജോലി ആരംഭിച്ച റോബോട്ട് മെക്കാനിക്കൽ സഹായി എന്നതിനപ്പുറം നിരവധി ജോലികൾ ചെയ്യുമായിരുന്നു. ഡോക്യുമെന്റുകൾ കൈമാറുന്നതിലും താമസക്കാർക്ക് വിവരങ്ങൾ നൽകുന്നതിലും സിറ്റിയെ പ്രോമൊട്ട് ചെയ്യുന്നതിലുമടക്കം ഈ റോബോർട്ട് സജീവമായിരുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് റോബോർട്ടിന്റെ പ്രവർത്തന സമയം. ഈ റോബോട്ടിന് സ്വന്തമായി സിവിൽ സർവീസ് ഓഫീസർ കാർഡ് ഉണ്ടായിരുന്നു. മറ്റ് റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ടയറില്ലാതെ എലിവേറ്ററുകൾ ഉപയോഗിച്ചായിരുന്നു ഓരോ ഫ്ളോറുകളിലെയും റോബോട്ടിന്റെ സഞ്ചാരം.