‘ബി.ജെ.പി ഒരു ബഹുരാഷ്ട്ര കമ്പനി പോലെ, ഡൽഹിയിൽ നിന്നുള്ള നിർദേശപ്രകാരം പ്രവർത്തിക്കുന്നു’; മുൻ നേതാവ്
ന്യൂഡൽഹി: ബഹാരഗോറയിൽ നിന്നുള്ള മുൻ എംഎൽഎ കുനാൽ സാരങ്കി ജാർഖണ്ഡ് മുക്തി മോർച്ചയിലെ(ജെ.എം.എം) ഒരു യുവനേതാവായിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അപ്രതീക്ഷിത നീക്കത്തിൽ സാരംഗി ജെ.എം.എം വിട്ട് ബി.ജെ.പിയിൽ ചേർന്നു. ജംഷഡ്പൂരിലെ എൻ.ഐ.ടിയിൽ നിന്നുള്ള എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹത്തെ മുഖ്യമന്ത്രി ഹേമന്ത് സോറൻ നേരിട്ടാണ് പാർട്ടിയിലേക്ക് ഉൾപ്പെടുത്തിയത്.BJP
ബി.ജെ.പി സാരംഗിയെ വക്താവാക്കി 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. എന്നാൽ അദ്ദേഹം പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സ്ഥാനാർഥിത്വം ലഭിച്ചുമില്ല. രണ്ട് മാസം മുമ്പ് സാരംഗി വക്താവ് സ്ഥാനം ഒഴിയുകയും ജൂലൈ 7ന് പാർട്ടി വിടുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
‘ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ താൻ വിശ്വസിക്കുന്നു. ബി.ജെ.പിയിൽ കൂടുതൽ ചെയ്യാൻ കഴിയുമെന്ന് കരുതി. എന്നാൽ അത് തെറ്റായിരുന്നതായി തോന്നുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് ശേഷം പ്രാദേശിക ബി.ജെ.പി യൂണിറ്റ് തനിക്കെതിരെ പ്രവർത്തിച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബി.ജെ.പി എംപി തനിക്കെതിരെ പ്രവർത്തിക്കുകയും കേഡറിനെ പ്രേരിപ്പിക്കുകയും ചെയ്തു. വിഷയം അന്നത്തെ ജില്ലാ പ്രസിഡൻ്റ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. വിവിധ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ബോധപൂർവം ഒഴിവാക്കി, അതിനാലാണ് പാർട്ടി വിട്ടത്.
ബഹുരാഷ്ട്ര കമ്പനിയെപ്പോലെയാണ് ബിജെപി പ്രവർത്തിക്കുന്നത്. പാർട്ടിയിൽ നവീകരണത്തിൻ്റെ വ്യാപ്തി പരിമിതമാണ്. ഡൽഹിയിൽ നിന്നുള്ള നിർദേശ പ്രകാരമാണ് ആളുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ജെ.എം.എം ഒരു കുടുംബം പോലെയായിരുന്നു’- അദ്ദേഹം പറഞ്ഞു.
ഒരു വക്താവെന്ന നിലയിൽ, കഴിഞ്ഞ നാലര വർഷമായി ഹേമന്ത് സോറനെ വ്യക്തിപരമായി ആക്രമിക്കാൻ തന്നോട് ആവശ്യപ്പെട്ടു, പക്ഷേ അത് നിരസിച്ചു. ഇത് ചില നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ടാകും. തനിക്ക് സ്ത്രീകൾ, കർഷകർ, യുവാക്കൾ, പാവപ്പെട്ടവർ എന്നിങ്ങനെ നാല് കർമമണ്ഡലങ്ങൾ മാത്രമേയുള്ളൂയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാൽ, ഒരു യുവാവിനും ലോക്‌സഭാ സീറ്റ് നൽകിയില്ല. ബിജെപി വാഗ്ദാനം ചെയ്ത മാറ്റം താൻ കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വക്താവ് സ്ഥാനം രാജിവച്ചതിന് ശേഷം പാർട്ടി നേതൃത്വത്തിൻ്റെ ഒരു ഫോൺകോൾ പോലും തനിക്ക് ലഭിച്ചില്ല. അതിൽ നിരാശയും വഞ്ചനയും തോന്നി. പാർട്ടി വിട്ടതിന് ശേഷം മാത്രമാണ് ഉന്നത നേതൃത്വത്തിൽ നിന്ന് കോളുകൾ വന്നതെന്നും.’- അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.