ചാലിയാറിൽ 10 വയസുകാരിയുടെ മൃതദേഹം; മുണ്ടക്കൈ ദുരന്തത്തിലേതെന്ന് സംശയം
ചാലിയാറിൽ മണന്തല കടവിൽ പത്തു വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ഒഴുകിയെത്തിയ നിലയിലാണ് മൃതദേഹം കണ്ടത്.വൈകുന്നേരം അഞ്ചുമണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്.
ഉടൻതന്നെ വാഴക്കാട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെ ത്തിച്ചിട്ടുണ്ട് . ഉടൻ തന്നെ മറ്റു നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. വയനാട്ടിൽ ദുരന്ത മുഖത്ത് നിന്ന് കാണാതായ പെൺകുട്ടിയാണ് മരിച്ചതെന്ന് സംശയമുണ്ട്.
അതേസമയം വയനാട്ടിലെ ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ചൂരൽ മലയിൽ കണ്ണാടിപ്പുഴയിൽ അതിശക്തമായ മഴയെ തുടര്‍ന്ന് കനത്ത മലവെള്ളപ്പാച്ചിലാണ് തിരിച്ചടിയായത്. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മഴയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങിയിട്ടുണ്ട്.
അതിനിടെ വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.