ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് രണ്ട് വയസ്സിൽ താഴെയുള്ള 2,100 കുഞ്ഞുങ്ങളെ

Gaza

ഗസ്സ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യത്തിൽ കൊല്ലപ്പെട്ടത് രണ്ട് വയസ്സിൽ താഴെയുള്ള 2100 ഫലസ്തീനി കുഞ്ഞുങ്ങൾ. കൊടും ക്രൂരതയിലൂടെ ഇസ്രായേൽ ഇതുവരെ കൊന്നൊടുക്കിയ കുട്ടികളുടെ ആകെ എണ്ണം 17,000ഓളം വരും. തുടർച്ചയായ 10 മാസമായി ഇസ്രായേൽ നടത്തുന്ന ഹീനവും ക്രൂരവുമായ അക്രമണത്തിന്റെ തെളിവാണ് ഈ മരണസംഖ്യ. ഈ കൊലപാതകങ്ങളുടെ തോത് ആധുനിക യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ വിരളമാണ്.Gaza

ഗസ്സയിലെ വീടുകൾ, കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, അഭയാർഥി കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ഇസ്രായേൽ ബോംബാക്രമണത്തിൽ തകർത്തു. നിരവധി കുട്ടികൾക്ക് തലയും കൈകാലുകളും നഷ്ടപ്പെട്ടു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന ക്രൂരമായ ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ തുടരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാല് ദിവസം പ്രായമുള്ള ഇരട്ടകളായ അസർ, അയ്സൽ മുഹമ്മദ് അബു അൽ-കുംസാൻ എന്നിവർ കൊലചെയ്യപ്പെട്ടതായി യൂറോ-മെഡ് മോണിറ്റർ ഫീൽഡ് ടീം റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച പുലർച്ചെ സെൻട്രൽ ഗസ്സ മുനമ്പിലെ ദേർ അൽ-ബലാഹിലെ റെസിഡൻഷ്യൽ ഫ്‌ളാറ്റിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് ഇരട്ടക്കുട്ടികളായ ഇവരും അമ്മ ജുമാനും മുത്തശ്ശിയും കൊല്ലപ്പെട്ടത്. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുപോയ പിതാവ് തിരിച്ചെത്തിയപ്പോൾ കണ്ടത് കുടുംബത്തിന്റെ ചേതനയറ്റ ശരീരങ്ങളാണ്.

ഇസ്രായേൽ സൈന്യം ഗസ്സയിലെ വീടുകളും അഭയകേന്ദ്രങ്ങളും ലക്ഷ്യമിടുന്നത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർ ഇവിടങ്ങളിൽ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞുതന്നെയാണ്. കഴിയുന്നത്ര സാധാരണക്കാരെ ഇല്ലാതാക്കാൻ അത്യന്തം വിനാശകരമായ ബോംബുകളും മിസൈലുകളുമാണ് സൈന്യം ഉപയോഗിക്കുന്നത്. മെയ് 26ന് ഇസ്രായേൽ കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ട അഹമ്മദ് എന്ന ബാലന്റെ പിതാവ് അബ്ദുൾ ഹഫീസ് തന്റെ മകനെയോർത്ത് പൊട്ടികരഞ്ഞു. ”എന്റെ അഹമ്മദ് വളരെ സുന്ദരനായിരുന്നു. ഒന്നര വയസ്സായിരുന്നു അവന്. ഇസ്രയേൽ ബോംബാക്രമണത്തിൽ അവൻ മരണപ്പെട്ടു. അവന്റെ തല ശരീരത്തിൽ നിന്ന് വേർപെട്ടിരുന്നു. ഒടുവിൽ അവനെ തലയില്ലാതെയാണ് അടക്കം ചെയ്തത്” നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. തെക്കൻ ഗസ്സ മുനമ്പിനടുത്ത് പടിഞ്ഞാറൻ റഫയിലെ ബാർക്സാറ്റ് പ്രദേശത്തെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി നടത്തിയ കൂട്ടക്കൊലയിലാണ് അഹമ്മദും മൂന്ന് സഹോദരന്മാരും അവരുടെ അമ്മയും മരണപ്പെട്ടത്.

തെക്കൻ ഗസ്സ മുനമ്പിലെ റഫയുടെ അൽ-സലാം പരിസരത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് മാസം പ്രായമുള്ള വിസാം നയീം, അബു അൻസ എന്ന ഇരട്ടകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന് ഏതാനും മാസങ്ങൾക്കു ശേഷമാണ് പുതിയ നോവായി അഹമ്മദും യാത്രയായത്. വിസാം നയീമിനും അബു അൻസക്കുമൊപ്പം അവരുടെ പിതാവും മറ്റ് 11 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. 10 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുഞ്ഞുങ്ങളെയാണ് തനിക്ക് നഷ്ടമായതെന്ന് മാതാവ് റാനിയ അബു അൻസ പറഞ്ഞു. ഭർത്താവും മക്കളുമുൾപ്പെടെ മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ് റാനിയ.

ഫെബ്രുവരി 12ന് തെക്കൻ നഗരമായ റഫയിലെ വീട്ടിൽ ബോംബാക്രമണം നടക്കുമ്പോൾ ഷൈമ അൽ-ഗൗൾ എന്ന യുവതി ഒമ്പത് മാസം ഗർഭിണിയായിരുന്നു. അവരുടെ ഭർത്താവും ആൺമക്കളായ മുഹമ്മദും ജനനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഷൈമ ആൺകുട്ടിക്ക് ജന്മം നൽകിയെങ്കിലും ഒരു ദിവസത്തിനപ്പുറം അവന് ജീവിക്കാനായില്ല. ചുരുക്കത്തിൽ സർവതും നഷ്ടപ്പെട്ടതിന്റെ വേദനയിൽ നിന്ന് കരകയറാനാവാതെ നിൽക്കുകയാണ് ഷൈമ അൽ-ഗൗൾ. ഓക്‌സിജന്റെയും വൈദ്യുതിയുടെയും അഭാവം, അപര്യാപ്തമായ പരിചരണം, ആശുപത്രികൾക്കു നേരെയുണ്ടായ അക്രമണം തുടങ്ങിയ നിരവധി കാരണങ്ങളാൽ കഴിഞ്ഞ 10 മാസത്തിനിടെ നിരവധി ഗർഭസ്ഥ ശിശുക്കൾ മരിച്ചതായി യൂറോ-മെഡ് മോണിറ്റർ റിപ്പോർട്ട് ചെയ്തു.

ഇക്കാലം വരെ ഇസ്രയേൽ നടത്തിയ നരഹത്യയിൽ ഏകദേശം 50,000 ഫലസ്തീനികൾ മരണപ്പെടുകയും 88,000 ഫലസ്തീനികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. വംശഹത്യ മൂലമുള്ള ഉയർന്ന മരണനിരക്ക് വരും തലമുറകളിൽ ഗസ മുനമ്പിലെ ഫലസ്തീനികളുടെ ജനസംഖ്യാ വളർച്ചാ നിരക്കിനെയും പ്രത്യുത്പാദന ശേഷിയേയും പ്രതികൂലമായി ബാധിക്കും.

കഴിഞ്ഞ 10 മാസമായി തുടരുന്ന ഇസ്രായേലിന്റെ വംശഹത്യയ മൂലം ഫലസ്തീൻ കുട്ടികൾക്ക് അവരുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ പരിരക്ഷയും ഇവർക്കില്ല. ഭൂരിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം നഷ്ടപ്പെട്ടതിനു പുറമേ വീടും സാമ്പത്തിക ഭദ്രതയും കുടുംബത്തിലെ അംഗങ്ങളും നഷ്ടപ്പെട്ടു. ഫലസ്തീനിയൻ കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *