മഹായുതി സഖ്യത്തിൽ വീണ്ടും പ്രതിസന്ധി? അജിത് പവാറിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ

BJP

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ. അജിത് എൻ.സി.പി ആരംഭിച്ച ജൻ സന്മാൻ യാത്ര പൂനെയിലെ നാരായൺഗാവിൽ എത്തിയപ്പോഴായിരുന്നു സംഭവം. കരിങ്കൊടി പ്രയോഗവും മുദ്രാവാക്യം വിളികളുമായാണ് അജിതിനെ ബി.ജെ.പി പ്രവർത്തകർ നേരിട്ടത്.BJP

പ്രാദേശിക ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൂനെയിൽ അജിത് പവാർ വിളിച്ചുചേർത്ത യോഗത്തിൽ ബി.ജെ.പി നേതാക്കളെ ക്ഷണിച്ചില്ലെന്ന പരാതി ഉയർത്തിയായിരുന്നു പ്രതിഷേധം. 2018ൽ മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച ജുന്നാർ സ്‌പെഷൽ ടൂറിസം സോൺ പദ്ധതി വിലയിരുത്താനായിരുന്നു യോഗം. ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രാദേശിക എൻ.സി.പി നേതാക്കളും പങ്കെടുത്തെങ്കിലും മഹായുതി സഖ്യത്തിന്റെ ഭാഗമായിട്ടും ബി.ജെ.പിക്കു പ്രാതിനിധ്യമുണ്ടായിരുന്നില്ല.

ഇതിനു പുറമെ, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ ചിത്രങ്ങൾ ഒഴിവാക്കിയായിരുന്നു യോഗത്തിൽ ബാനർ വച്ചതെന്ന് മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ആശാ ബുച്ചാകെ ആരോപിച്ചു. അജിത് പവാറിന്റെയും ജുന്നാർ എം.എൽ.എ അതുൽ ബെൻകെയുടെയും ചിത്രങ്ങൾ മാത്രമാണ് ബാനറിലുണ്ടായിരുന്നത്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയായിരുന്നില്ല. ഒരു സർക്കാർ യോഗമാണ്. യോഗത്തിലേക്ക് ഞങ്ങളെ ക്ഷണിച്ചില്ലെന്നു മാത്രമല്ല, എൻ.സി.പിയുടെ പേര് ഉപയോഗിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ അജിത് പവാർ വിശദീകരണം നൽകണമെന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു.

എൻ.സി.പി യാത്ര ഇന്ന് നാരായൺഗാവിൽ എത്തിയപ്പോഴാണ് നിരവധി ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധമാരംഭിച്ചത്. 35 പ്രവർത്തകരെ ഇവിടെനിന്ന് പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു പിന്നാലെ അജിത് പവാറിനെതിരെ മഹായുതി സഖ്യത്തിൽ എതിർപ്പ് ശക്തമാകുന്നുണ്ട്. അജിത് എൻ.സി.പിയെ സഖ്യത്തിൽ ചേർത്തത് പാർട്ടിക്ക് തിരിച്ചടിയായെന്ന തരത്തിൽ പ്രമുഖ നേതാക്കൾ തന്നെ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവരെ മുന്നണിയിൽ കൂട്ടരുതെന്നും മുറവിളികൾ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *