വയനാട് ദുരന്തം; പുനരധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, ഇനിയും കണ്ടെത്താനുള്ളത് 119 പേരെ: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 119 പേരേയാണ് ഇനി കണ്ടെത്താൻ അവശേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.Wayanad
75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തത്തിൽ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരിച്ചത്. മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ്.ഡി.ആർ.എഫിൽ നിന്നും 4 ലക്ഷം രൂപയും സി.എം.ഡി.ആർ.എഫിൽ നിന്ന് 2 ലക്ഷം രൂപ അടക്കം ആറ് ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു. 691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിനുപുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ വീതം കുടുംബങ്ങൾക്ക് കൈമാറി.
അവരുടെ ബന്ധുക്കളിൽ നിന്ന് 91 പേരുടെ ഡി.എൻ.എ. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.