നവകേരള ബസ് കട്ടപ്പുറത്ത്, കോഴിക്കോട് പൊടിപിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം

It has been a month since the Navakerala bus started gathering dust at Kattappuram, Kozhikode

 

നവകേരള ബസ് കട്ടപ്പുറത്തായിട്ട് ഒരു മാസം. അറ്റകുറ്റ പണികളുടെ പേരിലാണ് കോഴിക്കോട് റീജിയണൽ വർക്ക് ഷോപ്പിൽ പിടിച്ചിട്ടിരിക്കുന്നത്. സർവീസ് നടത്തുന്നത് കോഴിക്കോട് നിന്നാണെങ്കിലും തീരുമാനങ്ങൾ തിരുവനന്തപുരത്ത് നിന്നുമാണ് എടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കഴിഞ്ഞ ജൂലായ് 21നാണ് ബസ് വര്‍ക്ക് ഷോപ്പിലെത്തിച്ചത്. എന്നാല്‍ ഒരുമാസത്തിലേറെയായി പൊടിപിടിച്ചുകിടക്കുന്നതല്ലാതെ യാതൊരു അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. നവകേരള യാത്രയ്ക്കുശേഷം കോഴിക്കോട് -ബെംഗളൂരു റൂട്ടിലാണ് ബസ് സര്‍വീസ് നടത്തിയത്. ബസിലെ ബാത്ത് റൂം മാറ്റി സീറ്റ് വയ്ക്കാന്‍ വേണ്ടിയാണ് മാറ്റിയിട്ടത് എന്നാണ് ഔദ്യോഗിക വിശദീകരണം.

ഈ കാര്യത്തില്‍ കെഎസ്ആര്‍ടിസി ആസ്ഥാനത്ത് നിന്നും തുടര്‍നടപടികള്‍ വന്നിട്ടില്ല. ഇതോടെ ബസ് മൂലയിലായി. നവകേരള യാത്ര കഴിഞ്ഞ് ബസ് പിന്നീട് ഒന്നിനും ഉപയോഗിച്ചിരുന്നില്ല. ഇതോടെ മ്യൂസിയത്തിലേക്ക് മാറ്റുമെന്ന പ്രചാരണം ശക്തമായിരുന്നു.

മെയ് അഞ്ചുമുതലാണ് കോഴിക്കോട് -ബെംഗളൂരു റൂട്ടിൽ സര്‍വീസിനായി ഉപയോഗിച്ചത്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി ബസിൽ 26 പുഷ് ബാക്ക് സീറ്റുണ്ട്. ഹൈഡ്രോളിക് ലിഫ്റ്റ്, ശുചിമുറി, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങളുമുണ്ട്. പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ ബംഗളൂരുവിലെത്തി ഉച്ചയ്ക്ക് 2.30ന് കോഴിക്കോടേക്ക് തിരിക്കുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചത്.

ആദ്യം യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞു. സമയക്രമവും ഉയര്‍ന്ന ചാര്‍ജുമാണ് യാത്രക്കാരെ അകറ്റിയതെന്ന ആക്ഷേപവും ശക്തമായിരുന്നു. യാത്രക്കാര്‍ ഇല്ലാത്തതിന്റെ പേരില്‍ സര്‍വീസും മുടങ്ങിയിരുന്നു. യാത്രക്കാര്‍ ഇല്ലെങ്കിലും ബസ് യഥാസമയം സര്‍വീസ് നടത്തണമെന്ന് അധികൃതര്‍ നിലപാട് എടുത്തതോടെ വീണ്ടും റൂട്ടില്‍ ഓടിത്തുടങ്ങി. ഇതിനിടയില്‍ ബാത്ത്റൂം ടാങ്കില്‍ ചോര്‍ച്ച വന്നു. ഇത് പരിഹരിക്കാന്‍ ബസ് വർക്‌ഷോപ്പിലേക്ക് മാറ്റി. ഇപ്പോള്‍ ബസ് പൊടിപിടിച്ചും തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *