ബ്ലാസ്റ്റേഴ്സിന്‍റെ കളി കാണാന്‍ ആളുണ്ടാവില്ലേ ? മടുത്ത് തുടങ്ങിയെന്ന് ആരാധകര്‍

 

Blasters

കിരീടമില്ലാത്ത നീണ്ട പത്ത് വര്‍ഷങ്ങള്‍. കലാശപ്പോരില്‍ കാലിടറി വീണത് മൂന്ന് തവണ. ഗാലറികളില്‍ നിലക്കാതെ മുഴങ്ങുന്ന ആരവങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഐ.എസ്.എല്‍ കിരീടമുയര്‍ത്താനായിട്ടില്ല കേരള ബ്ലാസ്റ്റേഴ്സിന്. ആരാധക പിന്തുണയില്‍ ലോക ഫുട്ബോളിലെ വമ്പന്‍ ശക്തികളെ പോലും പിന്നിലാക്കിയൊരു ക്ലബ്ബ്. ‘യൂറോപ്പിലെ ഏതോ സ്റ്റേഡിയമല്ല.. ഇത് ഇന്ത്യയിലാണെന്ന് പറഞ്ഞ് ഫുട്ബോള്‍ ലോകത്തെ പ്രമുഖര്‍ പലരും അതിശയത്തോടെ പങ്കുവച്ച ഗാലറിക്കാഴ്ചകള്‍. കേരളബ്ലാസ്റ്റേഴ്സ് ഫാന്‍സിന്‍റെ ലൊയാലിറ്റി വിശ്വവിഖ്യാതമാണ്. എന്നാല്‍ ക്ലബ്ബിനോട് ആരാധകര്‍ക്കുള്ള അടങ്ങാത്ത പ്രണയം ക്ലബ്ബിനും മാനേജ്മെന്‍റിനും ആരാധകരോടുണ്ടോ എന്ന ചോദ്യം ഗാലറികളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി.Blasters

ഏറെ പ്രതീക്ഷയോടെ സ്റ്റേഡിയത്തിലെത്തിയ ശേഷം മടുപ്പിക്കുന്ന കളി കണ്ട് മടങ്ങാനാണ് വിധിയെങ്കില്‍ ഞങ്ങളെന്തിന് ഈ ക്ലബ്ബിനെ പിന്തുടരണം? കെട്ടുറപ്പുള്ള ഒരു ടീമിനെ ഇക്കാലമത്രയും സൃഷ്ടിക്കാന്‍ ആയിട്ടില്ലെങ്കില്‍ ഞങ്ങളെന്തിന് ഗാലറികളിലിരുന്ന് തൊണ്ട പൊട്ടുമാറുച്ചത്തില്‍ അലറി വിളിക്കണം. ഏറെ ഇഷ്ടത്തോടെ നെഞ്ചിലേറ്റിയ താരങ്ങളെ ഒറ്റ സീസണ്‍ കൊണ്ട് വിറ്റഴിക്കാനാണെങ്കില്‍ ഞങ്ങളെന്തിന് കളികാണാനെത്തണം.. ആരാധകരുടെ ചോദ്യങ്ങള്‍ ഇങ്ങനെ നീണ്ട് നീണ്ട് പോവുന്നു. തോല്‍വിയിലും പരാജയത്തിലുമൊക്കെ ഇക്കാലമത്രയും ടീമിനൊപ്പം നിലയുറപ്പിച്ച ആരാധക്കൂട്ടായ്മയായ മഞ്ഞപ്പട ദിവസങ്ങള്‍ക്ക് മുമ്പ് ക്ലബ്ബിനയച്ച തുറന്ന കത്ത് ഈ ചോദ്യങ്ങളുടെയൊക്കെ ആകെ തുകയാണ്. കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ.

”കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനോട്… ഒരു പതിറ്റാണ്ട് കാലമായി മഞ്ഞപ്പട ഈ ക്ലബ്ബിന്റെ ഹൃദയമിടിപ്പാണ്. ഈ ക്ലബ്ബിനോടുള്ള ഞങ്ങളുടെ പ്രണയവും ലൊയാലിറ്റിയുമൊക്കെ അചഞ്ചലമാണെന്നറിയാമല്ലോ. ജയമോ പരാജയമോ ആവട്ടെ ആർത്തു പെയ്യുന്ന മഴയിലും ചുട്ടുപൊള്ളുന്ന വെയിലിലും ഞങ്ങൾ നിങ്ങൾക്കൊപ്പം സഞ്ചരിച്ചിട്ടുണ്ട്. നമ്മളൊരിക്കൽ ഐ.എസ്.എൽ കിരീടം ഉയർത്തുമെന്ന ഉറച്ച പ്രതീക്ഷയാണ് ഞങ്ങളെ ഇക്കാലമത്രയും നയിച്ചത്.

എന്നാലിന്ന് ഞങ്ങൾക്ക് ഹൃദയഭാരം അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. അവ്യക്തമായ സ്ട്രാറ്റജികൾ. അടിസ്ഥാന സൗകര്യങ്ങൾ, പുതിയ സൈനിങ്ങുകൾ, താരങ്ങളുടെ കൊഴിഞ്ഞു പോക്ക് എന്നിവയെ കുറിച്ചൊക്കെ അന്വേഷിക്കുമ്പോൾ മറുപടിയായി ലഭിക്കുന്ന നിശബ്ദത. ഇക്കാര്യങ്ങളിൽ ഞങ്ങൾ ഏറെ നിരാശരാണ്. സീസൺ ആരംഭിക്കാൻ പരിമിതമായ സമയം മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിനാൽ തന്നെ ഈ പ്രശ്‌നങ്ങളെ വേഗത്തിലും ഫലപ്രദമായും പരിഹരിക്കാന്‍ ടീമിനാവണം. മികച്ച പ്രകടനം പുറത്തെടുക്കാൻ ശരിയായൊരു നേതൃത്വവും അന്തരീക്ഷവും ടീമിന് അനിവാര്യമാണ്. അതിനാൽ തന്നെ മുഴുവൻ തയ്യാറെടുപ്പുകളോടെയുമാണ് ടീം സീസണിലേക്ക് പ്രവേശിക്കുന്നത് എന്ന് ആരാധകർക്ക് ഉറപ്പ് നൽകാൻ ക്ലബ്ബിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.

മഞ്ഞപ്പട വെറുമൊരു ആരാധക്കൂട്ടമല്ല. ഞങ്ങളൊരു കുടുംബമാണ്. ഞങ്ങള്‍ ജീവിക്കുന്നതും ശ്വസിക്കുന്നതുമൊക്കെ ഈ ക്ലബ്ബിനായാണ്. പക്ഷെ ഞങ്ങളുടെ സഞ്ചാരത്തെ ഇപ്പോൾ പലരും ചോദ്യം ചെയ്ത് തുടങ്ങിയിരിക്കുന്നു. ഒരു കിരീടത്തിനായി നീണ്ട പത്ത് വർഷമാണ് ഞങ്ങൾ കാത്തിരുന്നത്. ഇനിയുമേറെക്കാലം അതിനായി കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്.

ഫുട്‌ബോൾ ഞങ്ങൾക്ക് വെറുമൊരു കളി മാത്രമല്ല. ഞങ്ങളുടെ സ്വത്വം തന്നെ ഇതാണ്. അഭിമാനത്തോടെയാണ് ഞങ്ങൾ ബ്ലാസ്റ്റേഴ്സ് എന്‍റെ ക്ലബ്ബാണെന്ന് പറയാറുള്ളത്. എന്നാല്‍ ഞങ്ങൾക്ക് ക്ലബ്ബിനോടുള്ള പ്രണയം പോലെ തന്നെ ക്ലബ്ബിന് ആരാധകരുടെ ലൊയാലിറ്റിയെ കുറിച്ചും ബോധമുണ്ടാവണം. വെറും വാക്കുകൾ കൊണ്ടല്ല, കൃത്യമായ നടപടികൾ കൊണ്ട് ടീം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് മാനേജ്‌മെന്റിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങൾ ക്ലബിനായി മൈതാനത്തിന് പുറത്ത് പോരാടുന്നത് പോലെ ആരാധകർക്കായി നിങ്ങളും പോരാടണം.

മഞ്ഞക്കുപ്പായമണിയുന്ന ഓരോ കളിക്കാരനും ടീമിനെ പ്രതിനിധീകരിക്കുന്ന ഓരോ ഒഫീഷ്യലുകളും അറിയാൻ,.. ഞങ്ങളെക്കാലവും നിങ്ങൾക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. എന്നാലിപ്പോഴിതാ ആരാധകര്‍ക്കൊപ്പം നിങ്ങളും നിലയുറപ്പിക്കണമെന്ന് ഞങ്ങളാദ്യമായി ആവശ്യപ്പെടുന്നു. നമുക്ക് മുന്നിലുള്ള പാത ദൈർഘ്യമേറിയതായിരിക്കാം. പക്ഷെ ഐക്യത്തോടെയും ലക്ഷ്യ ബോധത്തോടെയും അതിലേറെ പരസ്പര ബഹുമാനത്തോടെയും മുന്നോട്ട് പോയാൽ വിജയത്തിനും നമുക്കുമിടയിൽ തടയണ കെട്ടാൻ ആർക്കുമാവില്ല. മഞ്ഞപ്പട കത്തവസാനിപ്പിക്കുന്നത് ഇങ്ങനെ.

‘ബാഡ്ജിനായി കളിക്കൂ’- കഴിഞ്ഞ സീസണില്‍ കലൂര്‍ ഗാലറിയില്‍ നിന്ന് മുഴങ്ങിക്കേട്ട ചാന്‍റുകളിലൊന്നാണിത്. ലീഗിലെ പത്താം സ്ഥാനക്കാരായ പഞ്ചാബ് എഫ്.സിയോട് ഹോം ഗ്രൗണ്ടിൽ വഴങ്ങിയ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗാലറിക്ക് മുന്നിലെത്തിയ താരങ്ങളോടായിരുന്നു ആരാധകരുടെ പ്രതിഷേധം. ഗാലറിയിൽ സ്വന്തം ടീമിനായി മൈക്രോഫോണിൽ ഉച്ചത്തിൽ ചാന്‍റുകള്‍ മുഴക്കിക്കൊണ്ടിരുന്ന ആരാധകർ തോല്‍വിക്ക് പിറകേ കളിക്കാരോട് ‘പ്ലേ ഫോര്‍ ദ ബാഡ്ജ്’ എന്ന് അമർഷത്തോടെ അലറി വിളിച്ചത് കളിക്കാരെ ഞെട്ടിച്ചു. അങ്ങനെയൊരു പ്രതിഷേധം ക്ലബ്ബിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു.

2018 ലും ടീമിന്‍റെ തുടർ തോൽവികളിൽ മനം മടുത്ത് കളികാണാൻ ഇനി ഗാലറിയിൽ എത്തില്ലെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ തീരുമാനമെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ ടീമിന്‍റെ മോശം പ്രകടനത്തില്‍ ആരാധകർ ക്യാമ്പയിനുകളും നടത്തി. ഇതിനെതിരെ വിമർശനമുയർത്തി ജർമൻ ഇതിഹാസം ലോതർ മതേവൂസ് അടക്കം രംഗത്തെത്തിയിരുന്നു. പിന്നീട് തുടർ തോൽവികൾ നൽകിയ വേദനയിലാണ് ഹോം മത്സരങ്ങളില്‍ നിന്ന് വിട്ടു നിൽക്കാൻ തീരുമാനമെടുത്തത് എന്നും ഗാലറിയിൽ ഇനിയും ഞങ്ങളുണ്ടാവുമെന്നും മഞ്ഞപ്പട വ്യക്തമാക്കി.

ഈ സീസണില്‍ ടീമിന്‍റെ ട്രാന്‍സ്ഫര്‍ പോളിസിയാണ് ആരാധകരെ ഏറെ ചൊടിപ്പിച്ചത്. മറ്റ് ക്ലബ്ബുകള്‍ വിദേശ താരങ്ങളെ വാങ്ങിക്കൂട്ടുമ്പോള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളെ വിറ്റഴിക്കുന്ന തിരക്കിലായിരുന്നു. കഴിഞ്ഞ വർഷത്തെ പല പ്രധാന മുഖങ്ങളും പുതിയ സീസണിൽ മഞ്ഞക്കുപ്പായത്തില്‍ ഇല്ല. ദിമിത്രിയോസ് ഡയമന്റകോസ്, ജീക്‌സൻ സിങ്, മാർക്കോ ലെസ്‌കോവിച്, ഡെയ്സുകി സകായ്, ഫെഡോർ സെർണിച് അങ്ങനെയങ്ങനെ ടീം വിട്ട് പോയവര്‍ നിരവധി.

ക്ലബ്ബ് തട്ടകത്തിലെത്തിച്ചതാവട്ടെ മൂന്നേ മൂന്ന് പേരെ മാത്രം. നേരത്തെ തന്നെ ടീമിനൊപ്പം ചേര്‍ന്ന നോഹ് സദോയിയും അലക്സാണ്ട്രേ കോയെഫും കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്ന സ്പാനിഷ് സ്ട്രൈക്കര്‍ ജെസ്യൂസ് ഹിമെനെസുമാണ് ടീമിലെ ഈ സീസണിലെ സൈനിങ്ങുകള്‍. അര്‍ജന്‍റൈന്‍ സ്ട്രൈക്കര്‍ ഫെലിപ് പസാഡോറും ടീമിന്‍റെ റഡാറിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്യൂറന്‍റ് കപ്പില്‍ ബദ്ധവൈരികളായ ബംഗളൂരു എഫ്.സിയോടുള്ള പരാജയത്തിന് പിറകേ ഏറെ നിരാശയിലായ ആരാധകരുടെ പ്രതീക്ഷകളെ പുതിയ സീസണിലെങ്കിലും കാക്കാന്‍ മിക്കേല്‍ സ്റ്റാറേക്ക് കഴിയുമോ എന്ന് കണ്ടറിയണം. അതേ സമയം എംറ്റി സ്റ്റേഡിയമെന്നും, ബോയ്കോട്ട് ഹോം മാച്ച് എന്ന പേരിലുമൊക്കെ ടീമിനെതിരെ ആരാധകര്‍ ആരംഭിച്ച ഹാഷ് ടാഗ് ക്യാമ്പയിനുകള്‍ ആദ്യ മത്സരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്ലബ്ബ് മാനേജ്മെന്‍റ്.

 

Leave a Reply

Your email address will not be published. Required fields are marked *