മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിൽ നിന്ന് കൂടുതൽ മരം മുറിച്ചു; മഹാഗണി മുറിച്ചെന്ന പി.വി അൻവറിന്റെ ആരോപണം ശരിവെച്ച് അയൽവാസികൾ
മലപ്പുറം: മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിൽ നിന്നും കൂടുതൽ മരങ്ങൾ മുറിച്ചതായി അയൽവാസിയുടെ വെളിപ്പെടുത്തൽ. പി.വി അൻവർ എം.എൽ.എ ആരോപിച്ച മഹാഗണിയും ക്യാമ്പ് ഓഫീസിൽ നിന്നും മുറിച്ച് മാറ്റിയതായി അയല്‍വാസിയായ ഫരീദ മീഡിയവണിനോട് പറഞ്ഞു.
സോഷ്യൽ ഫോറസ്ട്രിയുടെ രേഖകള്‍ പ്രകാരം, ഒരു തേക്ക്, മെയ് ഫ്ളവർ, മുള്ളൻ കയനി, മറ്റു രണ്ട് മരത്തിൻ്റെ രണ്ട് ചില്ലകൾ എന്നിവക്കായി 51,531 രൂപ വില നിശ്ചയച്ചതായി ഉണ്ട്. എന്നാൽ പിന്നീട് ഇത് 25000 രൂപക്ക് വിറ്റു. എസ്.പി സുജിത് ദാസിൻ്റെ കാലത്ത് നിരവധി മരങ്ങൾ ക്യാമ്പ് ഓഫീസിൽ നിന്ന് മുറിച്ചിട്ടുണ്ടെന്ന് ക്യാമ്പ് ഓഫീസിന് സമീപം താമസിക്കുന്ന അയൽവാസികൾ പറയുന്നത്.
രേഖകളിലില്ലാത്ത മഹാഗണി മുറിച്ചെന്ന പി.വി അൻവറിന്റെ ആരോപണവും അയല്‍വാസികൾ സ്ഥിരീകരിച്ചു. മരകുറ്റികൾക്ക് മുകളിലൂടെ മണ്ണിട്ട് നികത്തിയിട്ടുണ്ട്. അന്വേഷണ സംഘം മണ്ണ് മാറ്റി വിശദമായി പരിശോധിച്ചാൽ മുറിച്ച മരങ്ങളുടെ കുറ്റികൾ കണ്ടെത്താൻ കഴിയും.
അതേസമയം മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട് കള്ളമൊഴി നല്കാന് ആവശ്യപ്പെട്ടതായി അയല്‍വാസിയായ ഫരീദ നേരത്തെ മീഡിയവണിനോട് വെളിപ്പെടുത്തിയിരുന്നു. മരംമുറിച്ചത് മുന്‍ എസ്.പി. കരീമിന്റെ കാലത്താണെന്ന് പറയാന്‍ പൊലീസ് നിർദേശിച്ചെന്നായിരുന്നു ഫരീദയുടെ വെളിപ്പെടുത്തല്‍.