‘പരാതി നല്കാനെത്തിയപ്പോള് പീഡിപ്പിച്ചു’; എസ്പി സുജിത് ദാസും മുന്‍ പൊന്നാനി സിഐയും പീഡിപ്പിച്ചെന്ന് പൊന്നാനി സ്വദേശിനി
മലപ്പുറം: എസ്പി സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി പൊന്നാനി സ്വദേശിയായ യുവതി. സുജിത് ദാസും മുന്‍ പൊന്നാനി സിഐയും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഡിവൈഎസ്പി ബെന്നി മോശമായി പെരുമാറിയെന്ന് യുവതി പറയുന്നു.
യുവതിയുടെ സ്വത്ത് തര്ക്കവുമായിബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന് പോയപ്പോഴാണ് ദുരനുഭവമുണ്ടായത് എന്നാണ് ആരോപണം. അന്നത്തെ പൊന്നാനി എസ്എച്ച്ഒയും ജില്ലാ പൊലീസ് മേധാവിയും ആയിരുന്ന സുജിത് ദാസും തങ്ങളെ പിഡീപ്പിച്ചു എന്ന തരത്തിലുള്ള ആരോപണമാണ് ഉന്നയിക്കുന്നത്. തിരൂര്‍ ഡിവൈഎസ്പിയായിരുന്ന വി.വി ബെന്നി മോശമായി പെരുമാറിയെന്നും വീട്ടമ്മ ആരോപിക്കുന്നു. രണ്ടു വര്‍ഷം മുന്‍പാണ് സംഭവം. അന്ന് നിയമനടപടിയുമായി മുന്നോട്ടുപോയില്ല. നിലവിലെ സാഹചര്യത്തില്‍ അന്‍വറുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ പുറത്തുവന്നതോടു കൂടിയാണ് പരാതിയുമായി രംഗത്തുവന്നതെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പരാതിയൊന്നും ലഭിച്ചില്ലെന്നാണ് പൊന്നാനി സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം പീഡിപ്പിച്ചെന്ന് യുവതിയുടെ ആദ്യമൊഴിയിലില്ല. പൊന്നാനി സിഐ രാത്രി വീട്ടിലെത്തിയത് തന്നെ മോശക്കാരിയാക്കിയെന്നും അതിനാലാണ് പരാതി നൽകിയതെന്നും മൊഴിയിലുള്ളത്. യുവതി പണം തട്ടാൻ വേണ്ടി നിരന്തരം പരാതികൾ നൽകുന്ന വ്യക്തിയെന്നും അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.