തൃശൂരിലെ എടിഎം കവർച്ചാസംഘം പിടിയിൽ, സംഘം പൊലീസിനുനേരെ വെടിയുതിർത്തു; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

Thrissur ATM robbery gang nabbed, gang opens fire on police; One of the accused was killed

 

തൃശൂർ: തൃശൂരിൽ ഇന്ന് പുലർച്ചെ നടന്ന എടിഎം കവർച്ചയിലെ പ്രതികൾ പിടിയിൽ. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് കവർച്ചസം​ഘത്തെ പിടികൂടിയത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65ലക്ഷം രൂപയാണ് സംഘം കവർന്നത്. പൊലീസും കവർച്ചാസംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി, ഇതിൽ ഒരാൾ മരിച്ചതായും സൂചനയുണ്ട്.

പന്നിയങ്കര ടോൾപ്ലാസ വഴി പ്രതികൾ പാലക്കാട്ടേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവർ ഹരിയാന സ്വദേശികളാണ്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സംഘം കവർച്ച നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം.

കണ്ടെയിനറിനകത്തു കാർ കയറ്റിയാണ് കവർച്ചാസംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. രണ്ടു മൂന്നു ബൈക്കുകളെ ഇടിച്ചിട്ടു വണ്ടി നിർത്താതെ പോയ വാഹനത്തെ പിന്നീട് നാട്ടുകാരാണ് തടഞ്ഞുനിർത്തിയത്. ഇതിന് പിന്നാലെ തമിഴ്നാട് പൊലീസ് സംഭവസ്ഥലത്തെത്തി. ആറ് പ്രതികളാണ് കണ്ടെയിനർ ലോറിക്കകത്ത് ഉണ്ടായിരുന്നത്. ഇവർ പൊലീസിനും നാട്ടുകാർക്കും നേരെ വെടിയുതിർക്കുന്ന സാഹചര്യവുമുണ്ടായി. ഈ വെടിവെപ്പിൽ പ്രതികളിലൊരാൾ മരിച്ചതായ വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. സംഘർഷത്തിൽ പൊലീസു​​ദ്യോ​ഗസ്ഥർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

തമിഴ്നാട്ടിൽ സമീപകാലങ്ങളിൽ നടന്ന എടിഎം കവർച്ചയ്ക്ക് പിന്നിലും ഈ സംഘമാണോയെന്ന സംശയവുമുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *