മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം: ആയുധമാക്കാൻ സംഘപരിവാർ

Chief Minister's anti-Malappuram remark: Sangh Parivar to be armed

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം ആയുധമാക്കാൻ സംഘപരിവാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് നഷ്ടപ്പെട്ട ഹിന്ദുത്വ വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണ് ബിജെപി ഉയർത്താൻ പോകുന്ന വാദം. പരാമർശം സജീവ രാഷ്ട്രീയായുധമാക്കി നിലനിർത്തണമെന്ന് ഇന്നലെ വൈകീട്ട് കൊച്ചിയിൽ ചേർന്ന ബിജെപി ഉന്നത നേതൃതല യോഗത്തിൽ തീരുമാനമായി.

Also Read:ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി മലപ്പുറത്തെ ഭീകരവത്കരിക്കുന്നു: ജമാഅത്തെ ഇസ്‌ലാമി

എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധത്തിലായ സംഘപരിവാറിന് കിട്ടിയ സുവർണാവസരമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന. കേരളം, പ്രത്യേകിച്ച് മലപ്പുറം ഭീകരവാദത്തിന്റെ ഹബ്ബായി മാറിയെന്ന തങ്ങളുടെ പ്രചാരണം തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും ഉന്നയിച്ചതെന്നാണ് സംഘപരിവാർ വാദം. രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ പരാമർശം ഉപയോഗിക്കാൻ ബിജെപി തയ്യാറെടുത്ത് കഴിഞ്ഞു.

പരാമർശം ഏറ്റെടുത്തുകൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം നടത്തണമെന്നാണ് ബിജെപി തീരുമാനം. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തുകൊണ്ട് ഇന്ന് കൊച്ചിയിൽ നടന്ന ഉന്നത നേതൃതല യോഗത്തിലാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് തങ്ങളിലേക്ക് ഒഴുകിയ ഹിന്ദുത്വ വോട്ടുകൾ തിരിച്ചുപിടിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന പ്രചാരണം ശക്തമാക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.

Also Read:‘മലപ്പുറം ജില്ലയെ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നു’; മുഖ്യമന്ത്രിയെ വിടാതെ പി.വി അൻവർ

കേരളത്തിൽ പ്രതിപക്ഷത്തിന് ആയുധമാകാതിരിക്കാനും എന്നാൽ ഹിന്ദുത്വ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനും വേണ്ടിയാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയതെന്നാണ് ബിജെപി വിലയിരുത്തൽ. ഇതിനോടകം സംഘപരിവാർ നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്ത് രംഗത്തുവന്നുകഴിഞ്ഞു. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രം കേരളമാണെന്ന തങ്ങളുടെ ആരോപണത്തെ മുഖ്യമന്ത്രി ശരിവെച്ച് കഴിഞ്ഞു എന്നായിരുന്നു ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണം.

മലപ്പുറം ജില്ലാ കള്ളക്കടത്തിന്റെ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞെന്നായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബുവിന്റെ പ്രതികരണം. ഈ പ്രചാരണം ഏറ്റെടുത്ത് കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ രംഗത്തെത്തണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *