മുഖ്യമന്ത്രിയുടെ അഭിമുഖം: ഖേദം പ്രകടിപ്പിച്ച് ‘ദ ഹിന്ദു’ പത്രം; ‘മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയത്’

Chief Minister's interview: 'The Hindu' newspaper expresses regret; 'The Malappuram reference was written by a PR agency'

 

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ വിവാദമായ അഭിമുഖത്തിൽ ഖേദപ്രകടനവുമായി ‘ദ ഹിന്ദു’ പത്രം. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് വിശദീകരണം. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ‘ദ ഹിന്ദു’ പറയുന്നു.

Also Read : ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് പറഞ്ഞിട്ടില്ല, കാര്യങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു; ദ ഹിന്ദുവിന് കത്തയച്ച് മഖ്യമന്ത്രിയുടെ ഓഫീസ്

അഭിമുഖം വിവാദമായതോടെ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ‘ദ ഹിന്ദു’വിന്റെ വിശദീകരണം. മുഖ്യമന്ത്രിയുമായി മാധ്യമപ്രവർത്തക ശോഭനാ നായർ നടത്തിയ അഭിമുഖത്തിൽ ഈ ഭാഗങ്ങൾ ഉണ്ടായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശവും ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്ന പരാമർശവുമടക്കമുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞതല്ല.

അവ പിആർ ഏജൻസി എഴുതി നൽകിയതാണ് എന്നാണ് ദ ഹിന്ദു പത്രം പറയുന്നത്. ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തുന്നതിൽ വീഴ്ചയുണ്ടായെന്നും അത്തരത്തിൽ സംഭവിക്കാൻ പാടില്ലായിരുന്നെന്നും നിരുപാധികം മാപ്പ് പറയുന്നതായും വിശദീകരണത്തിൽ പറയുന്നു. വിഷയത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ‘ദ ഹിന്ദു’ എഡിറ്റർക്ക് കത്തയച്ചതിനു പിന്നാലെയാണ് വിശദീകരണം വന്നത്.

Also read: മലപ്പുറത്തിനെതിരെ മുഖ്യമന്ത്രി; മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിനെന്ന് പരാമർശം

അഭിമുഖം വിവാദമാവുകയും പ്രതിഷേധവുമായി പ്രതിപക്ഷവും വിവിധ സംഘടനകളും രം​ഗത്തുവരികയും ചെയ്തതോടെയാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ‘ദ ഹിന്ദു’വിന് കത്തയച്ചത്.‌ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തെറ്റായിട്ടാണ് പത്രം റിപ്പോർട്ട് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ‘ദ ഹിന്ദു’വിന്റെ എഡിറ്റർക്ക് കത്തയച്ചത്.

മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നും രാഷ്ട്രവിരുദ്ധ, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്ന വാക്കുകളും ഉപയോഗിച്ചില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെ നിലപാട് അല്ല പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിലുള്ളത്. പത്രവാർത്ത അനാവശ്യ വിവാദത്തിനും തെറ്റായ വ്യാഖ്യാനത്തിനും കാരണമായെന്നു ചൂണ്ടിക്കാട്ടിയ കത്തിൽ, ഹിന്ദു പത്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *