ഇന്നലെ 11,000 ഇപ്പോൾ 1.80 ലക്ഷം; ഒറ്റ ദിവസം കൊണ്ട് കുതിച്ചുയർന്ന് മനാഫിന്റെ യൂട്യൂബ് ചാനൽ
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബം ലോറിയുടമ മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ കുതിച്ചുയർന്ന് മനാഫിന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ്. അർജുന്റെ തിരോധാനം വൈകാരികമായി മുതലെടുത്ത് മനാഫ് യൂട്യൂബ് ചാനൽ തുടങ്ങിയെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നുമാണ് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
Also Read: ‘അര്‍ജുന്‍റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ല, തെളിയിച്ചാൽ തന്നെ കല്ലെറിഞ്ഞ് കൊല്ലാം’: മനാഫ്
അർജുന്റെ കുടുംബം വാർത്താസമ്മേളനം നടത്തുമ്പോൾ മനാഫിന്റെ ‘ലോറി ഉടമ മനാഫ്’ എന്ന ചാനലിനുണ്ടായിരുന്ന 11,000 സബ്‌സ്‌ക്രൈബർമാരാണ്,ഈ വാർത്ത തയാറാക്കുമ്പോൾ 1.80 ലക്ഷത്തിനടുത്തേക്ക് ഉയർന്നിരിക്കുന്നത്. നിലവിലെ ട്രെൻഡ് പ്രകാരം സബ്‌സ്‌ക്രൈബർമാരുടെ എണ്ണം ഇന്നു തന്നെ രണ്ടു ലക്ഷം കടന്നേക്കും.
കർണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയിൽ ലോറിയോടൊപ്പം അർജുനെ കാണാതായി 32-ാം ദിനത്തിലാണ് മനാഫ് ചാനലിൽ ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പുഴയിൽ തെരച്ചിൽ നടത്താനായി ബാർജ് അടക്കമുള്ള സംവിധാനങ്ങൾ സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കാമെന്നും തെരച്ചിലിന് അനുമതി മാത്രം നൽകണമെന്നുമാണ് മനാഫ് വീഡിയോയിൽ പറയുന്നത്. ഇതിനു ശേഷം അർജുനുമായി ബന്ധപ്പെട്ട 15 വീഡിയോകൾ മനാഫ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 18 തവണ ലൈവ് പോവുകയും ചെയ്തു. സെപ്തംബർ 28-ലേതാണ് ചാനലിലെ അവസാന ലൈവ് വീഡിയോ.
മനാഫും മുങ്ങൽ വിദഗ്ധർ ഈശ്വർ മാൽപെയും അർജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണ് എന്നതടക്കമുള്ള ആരോപണങ്ങളാണ് അർജുന്റെ കുടുംബം ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ, ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത് എന്നിവർ മാധ്യമങ്ങളെ കണ്ടു.
അർജുന്റെ പേരിൽ പണം പിരിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച മനാഫ്, താൻ യൂട്യൂബ് ചാനൽ തുടങ്ങിയത് തെറ്റായ കാര്യമല്ല എന്ന് പ്രതികരിച്ചിരുന്നു. അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കാനാണ് ചാനൽ തുടങ്ങിയതെന്നും ഒരാളിലേക്കെങ്കിലും അത് എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.