അർജുന്റെ പേരിൽ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല, പണപ്പിരിവ് നടത്തിയിട്ടില്ല, വൈകാരികത കൊണ്ടുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിക്കുന്നു; മനാഫ്
കോഴിക്കോട്: അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അവർക്ക് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കിൽ മാപ്പ് ചോദിക്കുകയാണെന്ന് ലോറി ഉടമ മനാഫ്. അവിചാരിതമായാണ് വിവാദം ഉണ്ടായതെന്നും അർജുൻ്റെ കുടുംബത്തോട് ഒപ്പം തന്നെയാണെന്നും മനാഫ് പറഞ്ഞു. ഇതിന്റെ പശ്ചാതലത്തിൽ പിആർ വർക്ക് ചെയ്തിട്ടില്ലെന്നും തന്റെ വ്യക്തിത്വം അങ്ങനെ ആണെന്നും മനാഫ് പറഞ്ഞു. ഉയർന്നു വന്ന വിവാദത്തിൽ വിശദീകരണം നൽകാനാണ് മാധ്യമങ്ങളെ കണ്ടതെന്നും ഇത് തുടർന്നു പോകാൻ താൽപര്യമില്ലെന്നും മനാഫ് പറഞ്ഞു.
പണപിരിവ് നടത്താൻ മാത്രം സാമ്പത്തിക പ്രയാസമുള്ള ആളല്ല താൻ. മുക്കത്ത് ഒരു പരിപാടിക്ക് തന്നെ ക്ഷണിക്കുകയും തനിക്ക് പണം തരാമെന്ന് സംഘാടകർ പറയുകയും ചെയ്തു. പക്ഷെ പണം വേണ്ടന്ന് പറഞ്ഞപ്പോൾ അവർ നിർബന്ധിക്കുകയും തുടർന്ന് അർജുൻ്റെ മകന് നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനു വേണ്ടി അർജുന്റെ മകന്റെ അക്കൗണ്ട് നമ്പർ ചോദിച്ചിരുന്നു. ഇതാണ് പണപ്പിരിവായി പറയുന്നത്. എന്നാൽ കുടുംബം പണം ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ താൻ ആ തുക വാങ്ങിയില്ല. മനാഫ് പറഞ്ഞു. അർജുൻ്റെ കുടുംബത്തിന് അതിൽ വേദനയുണ്ടായെങ്കിൽ മാപ്പ് പറയുന്നുതായും അദ്ദേഹം പറഞ്ഞു.