എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസിൽ തിരക്കിട്ട ചർച്ചകൾ

Report against ADGP forwarded to Chief Minister; Busy discussions at Cliff House

 

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് കൈമാറിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും കെ.കെ രാഗേഷും ക്ലിഫ് ഹൗസിലെത്തി. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്. ഡിജിപിയും ഉടൻ ക്ലിഫ് ഹൗസിലെത്തും.

അതീവ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഈ റിപ്പോർട്ട്‌ പരിശോധിച്ച ശേഷം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്നാണ് സൂചന.

റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ഗുരുതര സ്വഭാവം പരിഗണിച്ചാൽ സസ്പെൻഷനാണ് സാധ്യതയേറെയും. നടപടിയെടുക്കുന്നതിൽ ഡിജിപിയുടെ തുടർനടപടികൾക്കുള്ള ശിപാർശയും ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശയും നിർണായകമാവും. ഇന്ന് തന്നെ നടപടി സ്വീകരിച്ചാൽ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ മയപ്പെടും.

തിങ്കളാഴ്ചയ്ക്കകം നടപടിയെടുക്കണമെന്നാണ് സിപിഐ ഇതിനോടകം നൽകിയിരിക്കുന്ന അന്ത്യശാസനം. നാളെ നിയമസഭ വീണ്ടും സമ്മേളിക്കുന്നതിനാൽ പ്രതിപക്ഷം ഈ വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവരാനുള്ള സാധ്യതയും കൂടുതലാണ്. ഇന്ന് തന്നെ നടപടിയെടുത്താൽ പ്രതിപക്ഷത്തെ നിയമസഭയിൽ നേരിടാൻ മുഖ്യമന്ത്രിക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *