‘ഇറാന്റെ ആണവ നിലയങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കില്ല’; യുഎസിന് ഉറപ്പുനൽകി നെതന്യാഹു
തെൽ അവീവ്: മിസൈൽ ആക്രമണത്തിനുള്ള തിരിച്ചടിയിൽനിന്ന് ഇറാനിലെ ആണവ നിലയങ്ങളെ ഒഴിവാക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ സൈനിക താവളങ്ങളെ മാത്രമേ തങ്ങൾ ആക്രമിക്കൂവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് നെതന്യാഹു ഇക്കാര്യത്തിൽ ഉറപ്പുനൽകിയതെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു.US
യുഎസ് നിലപാട് കടുപ്പിച്ചതോടെയാണ് ഇസ്രായേൽ പ്രത്യാക്രമണത്തിൽ അയവുവരുത്തിയതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസൈൽവേധ വ്യോമപ്രതിരോധ സംവിധാനം നൽകണമെങ്കിൽ യുഎസ് കർശന ഉപാധികൾ മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നാണു വിവരം. ഇറാനിലെ എണ്ണപ്പാടങ്ങളിലും ആക്രമണം നടത്തില്ലെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ട്.
ഫോൺ വഴിയാണ് നെതന്യാഹുവും ബൈഡനും സംസാരിച്ചത്. രണ്ടു മാസത്തിനിടെ ഇരു നേതാക്കളുടെയും ആദ്യത്തെ ഫോൺ സംഭാഷണമായിരുന്നു ഇത്. അമേരിക്കയുടെ അഭിപ്രായങ്ങൾ തങ്ങൾ മുഖവിലയ്‌ക്കെടുക്കുമെന്ന് ഇതിനുശേഷം ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് എക്‌സിൽ കുറിച്ചിരുന്നു. എന്നാൽ, ദേശീയതാൽപര്യം കൂടി മുൻനിർത്തിയാകും അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ ഒന്നിനായിരുന്നു ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം നടന്നത്. മൊസാദ് ആസ്ഥാനം, രണ്ട് വ്യോമതാവളങ്ങൾ എന്നിവയ്ക്കുനേരെ ആക്രമണമുണ്ടായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. അതീവസുരക്ഷാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 200 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അയച്ചത്. ഇതിൽ നിരവധി മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം നിർവീര്യമാക്കിയതായും ഐഡിഎഫ് അവകാശപ്പെട്ടിരുന്നു.
ആക്രമണത്തിനു പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെയും ഇറാനുനേരെ ഒരു അനക്കവുമുണ്ടായിട്ടില്ല. ഇതിനിടെ, പ്രത്യാക്രമണം വൈകുന്നതിൽ ഇസ്രായേലിൽ വിമർശനമുയരുന്നുണ്ട്. ദിവസങ്ങൾക്കുമുൻപ് ചേർന്ന ഇസ്രായേൽ സുരക്ഷാ കാബിനറ്റിലും ആശയക്കുഴപ്പത്തെ തുടർന്ന് പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിരുന്നില്ല.