നമ്പർ പ്ലേറ്റില്ലതെ പാഞ്ഞെത്തിയ വാഹനത്തെ തടഞ്ഞ് നിർത്താൻ ശ്രമം, ബോണറ്റിൽ തെറിച്ചുവീണ ട്രാഫിക് ഉദ്യോഗസ്ഥനുമായ് കാർ മുന്നോട്ട്- ഞെട്ടിച്ച് വീഡിയോ
ഗ്വാളിയാർ: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിർത്താതെ പോയി. മധ്യപ്രദേശിലെ ഗ്വാളിയാറിൽ അമിതവേഗതയിലെത്തിയ കാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് ട്രാഫിക് കോൺസ്റ്റബിളായ ബിജേന്ദ്ര സിങിനെ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ഞെട്ടിക്കുന്ന രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.Shocking
അമിതവേഗതയിൽ വരുന്ന കാറിന് നമ്പർ പ്ലേറ്റ് ഇല്ലെന്ന് വ്യക്തമായതോടെയാണ് കാർ നിർത്താൻ ആവശ്യപ്പെട്ട് പൊലീസ് ഉദ്യേഗസ്ഥൻ കൈ കാണിച്ചത്. എന്നാൽ കാർ നിർത്താൻ തയാറാകാതിരുന്നവർ കോൺസ്റ്റബിളിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിൽ തെറിച്ചു വീണ ഉദ്യോഗസ്ഥനെയും വഹിച്ച് നൂറ് മീറ്ററോളം കാർ മുന്നോട്ട് പോയി.
അമിത വേഗതയിലെത്തിയ വാഹനം പൊടുന്നനെ തിരിച്ചപ്പോൾ ബിജേന്ദ്ര സിങ് താഴേക്ക് തെറിച്ച് വീണു. തലയിടിച്ച് വീണ ഇദ്ദഹത്തെ ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ബിജേന്ദ്ര സിങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അപകട സമയത്ത് എഎസ്ഐ സതീശൻ സുധാകരൻ, ഹോം ഗാർഡ് രാകേഷ് എന്നിവരും സംഭവ സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിനും സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയിതിനുമാണ് കുറ്റക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.