‘മറ്റ് ഭാഷാ സംസ്ഥാനങ്ങളിൽ ഹിന്ദി അധിഷ്ഠിത പരിപാടികൾ ഒഴിവാക്കണം’; പ്രധാനമന്ത്രിയോട് എം.കെ സ്റ്റാലിൻ
ചെന്നൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പരിപാടികൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാധിഷ്ഠിത പരിപാടികൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. Prime Minister
ചെന്നൈ ദൂരദർശൻ്റെ സുവർണ ജൂബിലിയും ഒക്ടോബർ 18ന് ഹിന്ദി മാസാചരണത്തിന്റെ സമാപനവും സംയുക്തമായി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ചെന്നൈ ദൂരദർശൻ്റെ സുവർണജൂബിലി ആഘോഷത്തോടൊപ്പം ഹിന്ദി മാസാചരണവും നടത്തുന്നതിനെ ശക്തമായി അപലപിക്കുന്നതായി സ്റ്റാലിൻ അറിയിച്ചു. രാജ്യത്തിന്റെ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയ ഭാഷാ പദവി നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെപ്പോലുള്ള ഒരു ബഹുഭാഷാ രാജ്യത്ത്, ഹിന്ദിക്ക് പ്രത്യേക പദവി നൽകുന്നതും ഹിന്ദിയിതര സംസ്ഥാനങ്ങളിൽ ഹിന്ദി മാസം ആഘോഷിക്കുന്നതും മറ്റ് ഭാഷകളെ ഇകഴ്ത്താനുള്ള ശ്രമമാണെന്നും സ്റ്റാലിൻ കത്തിൽ പറഞ്ഞു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി കേന്ദ്രീകരിച്ചുള്ള ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് കേന്ദ്രസർക്കാർ ഒഴിവാക്കണം. പകരം അതാത് സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷാ മാസാചരണം പ്രോത്സാഹിപ്പിക്കണം.
ഇനി അഥവാ ഹിന്ദിയധിഷ്ഠിത പരിപാടികളുമായി മുന്നോട്ടുപോവാൻ സർക്കാർ നിർബന്ധിക്കുകയാണെങ്കിൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളും തുല്യ പ്രാധാന്യത്തോടെ ആഘോഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് അംഗീകരിക്കപ്പെട്ട എല്ലാ പരമ്പരാഗത ഭാഷകളുടെയും സമൃദ്ധി ആഘോഷിക്കുന്ന പ്രത്യേക പരിപാടികൾ സംഘടിപ്പിക്കണം.
ഇത്തരം സംരംഭങ്ങൾ വിവിധ ഭാഷാ സമൂഹങ്ങൾക്കിടയിൽ സൗഹാർദപരമായ ബന്ധം വർധിപ്പിക്കുകയും നാനാത്വത്തിൽ ഏകത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി. പ്രാഥമിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ആശങ്ക ഉയർത്തിക്കാട്ടുന്നതാണ് സ്റ്റാലിൻ്റെ കത്ത്.