‘അയോധ്യ തർക്കത്തിൽ പരിഹാരത്തിനായി പ്രാർഥിച്ചു’; വിശ്വാസമുണ്ടെങ്കിൽ ദൈവം വഴികാണിക്കുമെന്ന് ചീഫ് ജസ്റ്റിസ്

Chief Justice

ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്ജിദ് – രാമജന്മഭൂമി തർക്കത്തിൽ ദൈവത്തോട് പ്രാർഥിച്ചിരുന്നുവെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. വിശ്വാസമുണ്ടെങ്കിൽ ദൈവം വഴി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ​ഖേഡ് താലൂക്കിലുള്ള ജന്മനാടായ കൻഹേർസർ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Chief Justice

പലപ്പോഴും പരിഹാരം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ തങ്ങളുടെ മുന്നിൽ വരാറുണ്ട്. അയോധ്യയിലെ രാമജന്മഭൂമി – ബാബരി മസ്ജിദ് കേസിലും ഇതുതന്നെയാണ് സംഭവിച്ചത്. ആ കേസ് മൂന്ന് മാസത്തോളം എ​ന്റെ മുമ്പിലുണ്ടായിരുന്നു. ഞാൻ ദൈവത്തിന് മുന്നിൽ ഇരിക്കുകയും ഒരു പരിഹാരം കാണിച്ചുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നെ വിശ്വസിക്കൂ, നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം എപ്പോഴും വഴി കണ്ടെത്തുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.

2019 നവംബറിലാണ് കേസിൽ സുപ്രിംകോടതി വിധി വരുന്നത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ഹിന്ദു വിഭാഗത്തിന് കൈമാറാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധിച്ചത്. അയോധ്യയിൽ തന്നെ അഞ്ചേക്കർ സ്ഥലം നൽകി പള്ളി നിർമിക്കാനും ബെഞ്ച് വിധിക്കുകയുണ്ടായി. ഡി.വൈ ചന്ദ്രചൂഢും ബെഞ്ചിൽ അംഗമായിരുന്നു.

ഈ വർഷം ജൂലൈയിൽ ചന്ദ്രചൂഢ് രാമക്ഷേത്രം സന്ദർശിക്കുകയും പ്രാർഥന നിർവഹിക്കുകയും ചെയ്തിരുന്നു. 2024 ജനുവരി 22നാണ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്.

അതേസമയം, ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനയെ വിമർശിച്ച് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജ് രംഗത്ത് വന്നു. സാധാരണക്കാർക്ക് നീതി ഉറപ്പാക്കാൻ വേണ്ടി പ്രാർഥിച്ചിരുന്നുവെങ്കിൽ മറ്റു പല പ്രശ്നങ്ങളും പരിഹരിക്കുമായിരുന്നുവെന്ന് ഉദിത് രാജ് പറഞ്ഞു. അയോധ്യ പ്രശ്നപരിഹാരത്തിനായി താൻ ദൈവത്തോട് പ്രാർഥിച്ചിരുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് പറയുന്നത്. അദ്ദേഹം മറ്റു വിഷയങ്ങളിലും പ്രാർഥിച്ചിരുന്നുവെങ്കിൽ പണമില്ലാതെ ഹൈകോടതിയിൽനിന്നും സുപ്രിംകോടതിയിൽനിന്നുമെല്ലാം സാധാരണക്കാരന് നീതി ലഭിക്കുന്നത് പോലെ അവയും പരിഹരിക്കപ്പെടുമായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ഇൻകംടാക്സ് എന്നിവയുടെ ദുരുപയോഗം അവസാനിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *