ഗസ്സയിൽനിന്ന് രക്ഷപ്പെടാൻ സിൻവാറിന് വാഗ്ദാനം ലഭിച്ചെങ്കിലും നിരസിച്ചു: റിപ്പോർട്ട്
ന്യൂയോർക്ക്: ഹമാസിന് വേണ്ടി വെടിനിർത്തൽ ചർച്ചകൾ നടത്താൻ ഈജിപ്തിനെ ചുമതലപ്പെടുത്തുന്നതിന് പകരമായി കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‍യ സിൻവാറിന് ഗസ്സയിൽനിന്ന് രക്ഷപ്പെടാനുള്ള അവസരം അറബ് മധ്യസ്ഥർ വാഗ്ദാനം ചെയ്തതായി അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. ഗസ്സയിലെ സൈനിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ ഈ വാഗ്ദാനം അദ്ദേഹം നിരസിച്ചുവെന്നും യുഎസ്, അറബ്, ഹമാസ് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.
‘ഞാൻ ഉപരോധത്തിലല്ല, ഞാൻ ഫലസ്തീൻ മണ്ണിലാണുള്ളത്’ എന്ന് മുമ്പ് അറബ് മധ്യസ്ഥർക്ക് അയച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്റുല്ലയുടെ വധത്തിന് പിന്നാലെ ഒത്തുതീർപ്പിനായി കൂടുതൽ സമ്മർദമുണ്ടാകുമെന്ന് സിൻവാർ ഹമാസിന്റെ മറ്റു രാഷ്ട്രീയ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരം സമ്മർദത്തെ ചെറുക്കാൻ അദ്ദേഹം ഉപദേശിച്ചുവെന്നും അറബ് മധ്യസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു.
തന്റെ മരണസാധ്യത മുന്നിൽ കണ്ടതിനാൽ അതിനായുള്ള തയാറെടുപ്പുകളും സിൻവാർ എടുത്തിരുന്നു. താൻ മരിച്ചുകഴിഞ്ഞാൽ കൂടുതൽ ഇളവുകൾ നൽകാൻ ഇസ്രായേൽ കൂടുതൽ ചായ്‍വ് കാണിക്കുമെന്ന് അദ്ദേഹം ഹമാസ് അംഗങ്ങളെ അറിയിച്ചിരുന്നു. തന്റെ അഭാവത്തിൽ ഭരിക്കാൻ ഒരു നേതൃസമിതി രൂപീകരിക്കണം. തന്റെ മരണശേഷവും ഇസ്രായേലുമായി ചർച്ച നടത്താൻ ഹമാസ് കൂടുതൽ ശക്തമായ നിലയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
‘സിൻവാർ കൊടുങ്കാറ്റ് ഇസ്രായേലിനെ തകർക്കും’
ഒക്ടോബർ 16നാണ് സിൻവാർ കൊല്ലപ്പെടുന്നത്. ‘സിൻവാർ കൊടുങ്കാറ്റ്’ ഇസ്രായേലിനെ തകർക്കുമെന്ന് ഹമാസ് മുൻ തലവൻ ഖാലിദ് മിശ്അൽ പറഞ്ഞു. ഫലസ്തീൻ ഭൂമിയും പുണ്യസ്ഥലങ്ങളും മോചിപ്പിക്കുന്നത് വരെ ചെറുത്തുനിൽപ്പിനെ അടിസ്ഥാനമാക്കിയുള്ള അതിന്റെ തന്ത്രങ്ങളിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുർക്കിയിൽ ഹമാസ് നടത്തിയ യഹ്‍യ സിൻവാർ അനുസ്മരണ ചടങ്ങിൽ കേൾപ്പിച്ച ഓഡിയോ സന്ദേശത്തിലാണ് ഖാലിദ് മിശ്അൽ നിലപാട് വ്യക്തമാക്കിയത്.
സയണിസ്റ്റ് ഭരണകൂടത്തിനെതിരെ സിൻവാർ കൊടുങ്കാറ്റാണ് ഉയർത്തിയത്. അത് വലിയൊരു ഭൂകമ്പം തീർത്തുവെന്നും ഇസ്രായേലിന്റെ നാശത്തിലേക്ക് നയിക്കുമെന്നും ഖാലിദ് മിശ്അൽ പറഞ്ഞു. പ്രതികൂല വിധിയിലൂടെ സിൻവാറിനെ നേരിടാൻ ശത്രുക്കൾ ശ്രമിച്ചു. എന്നാൽ, ദൈവം അദ്ദേഹത്തിന് മാന്യമായ വിധി നൽകി. അദ്ദേഹം ധീരമായ അസ്തിത്വം നയിക്കുകയും മാന്യമായി മരിക്കുകയും ചെയ്തു.
ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് രക്തസാക്ഷിത്വം, അന്തസ്സ്, വിമോചനം എന്നിവക്കായി ഹമാസ് അതിന്റെ നേതാക്കളെ സമർപ്പിക്കുകയാണ്. 2004ൽ ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് സ്ഥാപകൻ അഹമ്മദ് യാസീനും ഇതിൽ ഉൾപ്പെടുന്നു. സിൻവാർ തന്റെ രക്ഷിതാവിനെ മാന്യതയോടെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഇപ്പോൾ നമ്മുടെ ജനങ്ങൾക്കും രാജ്യത്തെ പൗരൻമാർക്കും ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന വ്യക്തികൾക്കും ഒരു പ്രതീകമായി നിലകൊള്ളുന്നു.
ഞങ്ങളുടെ പാതയിൽ ഉറച്ചുനിൽക്കാൻ പ്രതിജ്ഞാബദ്ധരാണ്. രക്തസാക്ഷികളുടെ പാത, നേതൃത്വത്തിലും പ്രതിരോധത്തിലും നമ്മുടെ തത്വങ്ങൾ, മൂല്യങ്ങൾ, തന്ത്രങ്ങൾ എന്നിവ പാലിക്കുന്നു. ഓരോ തവണയും നേതാവ് വിടപറയുമ്പോൾ ആ സ്ഥാനത്തേക്ക് മറ്റൊരാൾ ഉയർന്നുവരും.
ഹമാസ് നേതൃത്വം ഗസ്സയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും. ഗസ്സയിൽ ജനകീയ പിന്തുണ ലഭിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം തടയാൻ നേതൃത്വം പ്രതിജ്ഞാബദ്ധരാണെന്നും ഖാലിദ് മിശ്അൽ ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
യഹ്‍യ സിൻവാറിന്റെ രക്തസാക്ഷിത്വത്തിലൂടെ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് ലെബനാനിലെ ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. ഇതിന്റെ തെളിവാണ് വടക്കൻ ഗസ്സയിലെ ജബലിയയിൽ ഇസ്രായേലി സൈന്യത്തിനെതിരെ ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് നടത്തിയ ഓപ്പറേഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 ഇസ്രായേലി സൈനികർക്കാണ് ഗസ്സയിലും ലെബനാനിലുമായി പരിക്കേറ്റത്.