വൈറ്റ് വാഷ് ഒഴിവാക്കാൻ രണ്ടും കൽപിച്ച് ഇന്ത്യ; വാംഖഡെയിൽ കിവീസിനെതിരെ ‘റാങ്ക് ടേണർ’ കെണി
ഇന്ത്യയുടെ ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ മൈതാനമാണ് മുംബൈ വാംഖഡെ സ്‌റ്റേഡിയം. ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിന് ഇതേ വാംഖഡെ അണിഞ്ഞൊരുങ്ങുമ്പോൾ ഇന്ത്യൻ ടീമിന് കാര്യങ്ങൾ അത്ര ഈസിയല്ല. കിവീസിനെതിരെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ തോൽവി വഴങ്ങിയതോടെ പരമ്പര നഷ്ടമായ രോഹിത് ശർമക്കും സംഘത്തിനും സ്വന്തംമണ്ണിൽ വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാൻ ആവനാഴിയിലെ അവസാന അസ്ത്രവുമെടുത്ത് പൊരുതണം. ആയുധങ്ങളും തന്ത്രങ്ങളും മാറ്റിപരീക്ഷിക്കണം. ജയം മാത്രമാണ് ഗൗതം ഗംഭീറിനും ഇന്ത്യക്കും ആത്യന്തിക ലക്ഷ്യം.whitewashing
പൂനെയിൽ സ്പിൻ പിച്ചൊരുക്കി കൈപൊള്ളിയ ആതിഥേയർ അവസാന ടെസ്റ്റിലും സമാനമായ പരീക്ഷണത്തിനാണ് ഒരുങ്ങുന്നത്. ആദ്യദിനം മുതൽ കുത്തിതിരിയുന്ന ‘റാങ്ക് ടേണർ’ പിച്ചൊരുക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ഇന്ത്യൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ പൂനെയിലും സ്പിൻ പിച്ചാണ് തയാറാക്കിയതെങ്കിലും ആദ്യ സെഷൻ മുതൽ ആനുകൂല്യം ലഭിച്ചിരുന്നില്ല. കളി പുരോഗമിക്കുന്തോറും വേഗം കുറയുകയും സ്പിൻ അനുകൂലമാകുകയുമായിരുന്നു. എന്നാൽ പൂനെയിൽ ഈ ആനുകൂല്യം ലഭിച്ചത് കിവീസിനായിരുന്നു. ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമാകും മുംബൈയിലെ പിച്ച് എന്നാണ് റിപ്പോർട്ട്. ആദ്യ സെഷൻ മുതലെ സ്പിന്നർമാർക്ക് ടേണും ബൗൺസും പ്രതീക്ഷിക്കാം. കഴിഞ്ഞ മാച്ചിലെ ഇന്ത്യൻ സ്പിൻ ത്രയമായിരുന്ന ആർ അശ്വിൻ-രവീന്ദ്ര ജഡേജ-വാഷിങ്ടൺ സുന്ദർ എന്നിവർക്കായിരിക്കും ന്യൂസിലാൻഡിനെ കുരുക്കാനുള്ള ദൗത്യം.
വാംഖഡെ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം മാനേജ്‌മെന്റ് 35 നെറ്റ് ബൗളർമാരെയാണ് പന്തെറിയാൻ വിളിപ്പിച്ചത്. ഇതിൽ ഭൂരിഭാഗം പേരും സ്പിന്നർമാരായിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. സീനിയർ താരങ്ങളടക്കം നിർബന്ധമായും പരിശീലനത്തിൽ ഇറങ്ങണമെന്നും മാനേജ്‌മെന്റ് നിർദേശം നൽകി. ന്യൂസിലാൻഡ് സ്പിന്നർമാരായ മിച്ചെൽ സാന്റ്‌നർ-അജാസ് പട്ടേൽ-ഗ്ലെൻ ഫിലിപ്‌സ് കൂട്ടുകെട്ടിനെതിരെ ഫലപ്രദമായി കളിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഇന്ത്യ ആവിഷ്‌കരിച്ചത്. പൂനെയിൽ സാന്റ്നർ 13 വിക്കറ്റാണ് വീഴ്ത്തിയത്.
നിലവിൽ ഇന്ത്യൻ നിരയിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുകയാണെങ്കിലും മുംബൈയിലെ പിച്ചിൽ വിരാട് കോഹ്‌ലിക്ക് മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്. 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 469 റൺസാണ് വാംഖഡെയിൽ കോഹ്‌ലിയുടെ സമ്പാദ്യം. ബാറ്റിങ് ശരാശരി 56.62. 2016ൽ ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറി നേടിയതും ഇതേ സ്റ്റേഡിയത്തിലായിരുന്നു. ന്യൂസിലാൻഡിനെതിരെ ഇതിന് മുൻപ് വാംഖഡെയിൽ കളിച്ചത് 2021 ഡിസംബറിലായിരുന്നു. അന്ന് 372 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കിവീസിനെ ആദ്യ ഇന്നിങ്‌സിൽ വെറും 62 റൺസിന് ഓൾഔട്ടാക്കിയ ആതിഥേയർ രണ്ടാം ഇന്നിങ്‌സിൽ കിവീസിനെ 167 റൺസിലും ഒതുക്കി.42 റൺസ് വഴങ്ങി എട്ട് വിക്കറ്റെടുത്ത ആർ അശ്വിനായിരുന്നു അന്ന് ഇന്ത്യയുടെ വിജയശിൽപിയായത്. ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയ അജാസ് പട്ടേൽ ഒരു ഇന്നിങ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ചരിത്രംകുറിച്ചതും മുംബൈയിലെ ഈ വിഖ്യാത മൈതാനത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ നാലു വിക്കറ്റ് കൂടി നേടിയ അജാസ് 14 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മൂന്ന് വർഷങ്ങൾക്കിപ്പുറം സ്പിൻ ട്രാക്കിൽ അജാസ് പട്ടേലും ആർ അശ്വിനും കളത്തിലിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഇതിനോടകം ആദ്യ രണ്ട് കളിയിലും ദയനീയമായി കീഴടങ്ങിയെങ്കിലും മൂന്നാം ടെസ്റ്റിലെ സമനിലപോലും ഇന്ത്യക്ക് തൃപ്തികരമാകില്ല. ഇനിയൊരു തോൽവി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള യാത്രക്ക് വലിയ തിരിച്ചടിയാകുമെന്നതിനാൽ ഏതുവിധേനെയും ജയിക്കുക എന്നതാണ് ലക്ഷ്യം. വാംഖഡെയിൽ അവസാനം കളിച്ച മൂന്ന് ടെസ്റ്റിൽ രണ്ടെണ്ണവും നാല് ദിവസത്തിനുള്ളിൽ അവസാനിച്ചതിനാൽ നാളെത്തെ മാച്ചിലും റിസൽട്ടുണ്ടാകുമെന്നുറപ്പാണ്. വിജയം നൽകുന്ന ആത്മവിശ്വാസവുമായി വാംഖഡെയിൽ നിന്ന് ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസീസ് മണ്ണിലേക്ക് യാത്രതിരിക്കണം. ഓസീസിനെ കീഴടക്കി ലോഡ്‌സിൽ അടുത്ത വർഷം ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കണം.