പാലക്കാട് ഹോട്ടല്‍ പരിശോധനയില്‍ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം

CPM released new CCTV footage of Palakkad hotel inspection

 

പാലക്കാട്: കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനാ വിവാദത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. ട്രോളി ബാഗ് കയറ്റിയ വാഹനത്തിലല്ല രാഹുൽ മാങ്കൂട്ടത്തിൽ കയറുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. രാഹുൽ സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലാണ് ബാഗ് കയറ്റിയ കാർ പോകുന്നത്. കഴിഞ്ഞ ദിവസം ഹോട്ടലിനകത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സിപിഎം നേതാക്കൾ കള്ളപ്പണ ഇടപാട് ആരോപണം ഉന്നയിക്കുന്ന നീല ട്രോളി ബാഗുമായി കെഎസ്‍യു നേതാവ് ഫെനി നൈനാൻ ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ എന്നിവരും ദൃശ്യങ്ങളിലുണ്ട്. ഹോട്ടൽ ഇടനാഴിയിലൂടെ ഫെനി ഒരു മുറിയിലേക്ക് ട്രോളി ബാഗ് കൊണ്ടുപോകുന്നതും കുറച്ചു കഴിഞ്ഞ് ഇതേ ബാഗുമായി തിരിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതേ മുറിയിലേക്ക് രാഹുലും ഷാഫിയും പോകുന്നുണ്ട്. തുടർന്ന് ഇടനാഴിയിൽനിന്ന് ഇരുവരും സംസാരിക്കുകയും ചെയ്യുന്നുണ്ട്.

Also Read : നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എൽഡിഎഫിന്റെ പ്രതിഷേധം; ജനങ്ങളെ സത്യം അറിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സരിന്‍

ഈ ട്രോളി ബാഗിൽ കള്ളപ്പണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വേണ്ടിയാണു പണം എത്തിച്ചതെന്നായിരുന്നു സിപിഎം ആരോപണം. എന്നാൽ, ഇത് താൻ സ്ഥിരമായി വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ബാഗാണെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് ഫെനി കൊണ്ടുവന്നതും വസ്ത്രങ്ങൾ പരിശോധിച്ച ശേഷം വാഹനത്തിലേക്ക് കൊടുത്തുവിട്ടതെന്നും രാഹുൽ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലിൽ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടന്നത്. കോൺഗ്രസിന്റെ വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഷാനിമോൾ ഏറെനേരം വാതിൽ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാർഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *