സ്ത്രീകളെയും കുട്ടിയെയും മന്ത്രവാദ കേന്ദ്രത്തിൽ തടവിൽ പാർപ്പിച്ചു; വാസന്തി മഠം അടിച്ചുതകർത്ത് ഡിവൈഎഫ്ഐ

പത്തനംതിട്ട: മലയാലപ്പുഴ വാസന്തിമഠത്തില്‍ വീണ്ടും മന്ത്രവാദമെന്ന് പരാതി. മഠത്തില്‍ പൂട്ടിയിട്ടിരുന്ന പത്തനാപുരം സ്വദേശികളായ രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും ചേർന്ന് മോചിപ്പിച്ചു. വാസന്തിമഠം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

പത്തനാപുരം സ്വദേശികളായ എസ്‌തേർ, ശുഭ, ലിയ ലിയയുടെ ഏഴ് വയസുള്ള മകൾ എന്നിവരെയാണ് മലയാലപ്പുഴയിലെ കേന്ദ്രത്തിൽ തടവിൽ പാർപ്പിച്ചത്. മന്ത്രവാദം നടത്തിയതിനെ തുടർന്ന് നേരത്തെ അറസ്റ്റിലായ മലയാലപ്പുഴ സ്വദേശി ശോഭനയും ഭർത്താവ് ഉണ്ണികൃഷ്ണനും ചേർന്നാണ് ഇവരെ തടവിൽ പാർപ്പിച്ചത്.

ഇവന്തൂർനരബലി കേസുമായി ബന്ധപ്പെട്ടുണ്ട് മറ്റ് മന്ത്രവാദ ഇടങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട മലയാലപ്പുഴയിലെ വാസന്തിയമ്മ മഠം മന്ത്രവാദകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ശോഭനയെയും ഭർത്താവ് ഉണ്ണികൃഷ്ണനെയും നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൊട്ടാരക്കര സബ്ജയിലിൽ ഇവർ റിമാന്റിൽ കഴിയവെ പരിചയപ്പെട്ട കൊല്ലം പത്തനാപുരത്തെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയിലിലെത്തിയ അനീഷുമായി പരിചയത്തിലാവുന്നു. തുടർന്ന് അനീഷിന്റെ ജാമ്യത്തിന് ഇവർ സഹായം ചെയ്തു നൽകുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശോഭനയും ഉണ്ണികൃഷ്ണനും അനീഷിന്റെ കുടുംബത്തെ പത്തനംതിട്ടയിലേക്ക് കൂട്ടികൊണ്ടുവന്നു മന്ത്രവാദ കേന്ദ്രത്തിൽ താമസിപ്പിച്ചു. അനീഷിന്റെ കേസുമായി ബന്ധപ്പട്ട് ചെലവാക്കിയ പണം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ശോഭനയും ഭർത്താവും ചേർന്ന് മർദിച്ചുവെന്നും അനീഷിന്റെ കുടുംബം പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ശോഭനയും ഉണ്ണികൃഷ്ണനും ഇവരെ വീട്ടിനുള്ളിലാക്കി പൂട്ടി പുറത്തുപോയിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തടവിലാക്കിയ സ്ത്രീകളെ കണ്ടെത്തുന്നത്. തുടർന്ന് സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ മന്ത്രവാദ കേന്ദ്രം അടിച്ചുതകർത്ത് സ്ത്രീകളെ മോചിപ്പിക്കുകയായിരുന്നു. ശോഭനയെയും ഉണ്ണികൃഷ്ണനെയും പ്രതികളാക്കി പൊലീസ് കേസെടുക്കാൻ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *