48 മണിക്കൂറിനിടെ ലബനാനിൽ കൊല്ലപ്പെട്ടത് ഏഴ് ഇസ്രായേലി സൈനികർ; വെടിനിർത്തൽ നിർദേശവുമായി അമേരിക്ക

 

Seven Israeli soldiers killed in Lebanon in 48 hours; America with ceasefire proposal

ബെയ്റൂത്ത്: 48 മണിക്കൂറിനിടെ ലബനാനിൽ കൊല്ലപ്പെട്ടത് ഏഴ് ഇസ്രായേലി സൈനികർ. നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിൽ ലബനാനിലെ യുഎസ് അംബാസഡർ ലിസ ജോൺസൺ അമേരിക്കയുടെ വെടിനിർത്തൽ നിർദേശങ്ങളുടെ കരട് ലബനാൻ പാർല​മെന്റ് സ്പീക്കർ നബീഹ് ബെറിക്ക് കൈമാറി. ഹിസ്ബുല്ലയുമായി സഖ്യമുള്ള വ്യക്തിയാണ് നബീഹ്. അതേസമയം, നിർദേശത്തിലെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കരട് രേഖയിൽ ഒപ്പുവെച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. സ്ട്രാറ്റജിക് അഫേഴ്സ് മന്ത്രി റോൺ ഡെർമെറുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കരട് രേഖയിൽ ഒപ്പുവെച്ചത്. 2025 ജനുവരി 20ന് പ്രസിഡന്റായി അധികാരമേൽക്കും മുമ്പ് ഇത് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞയാഴ്ച ഇസ്രായേൽ ലക്ഷ്യമിട്ട് ഹിസ്ബുല്ല തൊടുത്തുവിട്ട റോക്കറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നതായി ഇസ്രായേൽ പ്രതിരോധ സേന വ്യാഴാഴ്ച അറിയിച്ചിരുന്നു. നിലവിൽ പ്രതിദിനം ശരാശരി 100 റോക്കറ്റുകളാണ് വിക്ഷേപിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലിത് ദിവസേന 150 മുതൽ 200 റോക്കറ്റുകൾ വരെ വന്നിരുന്നു. വലിയ ആക്രമണം നടത്താൻ ഹിസ്ബുല്ലക്ക് സാധിക്കുന്നില്ലെന്നാണ് ​ഇസ്രായേലി സൈന്യത്തിന്റെ അവകാശവാദം. റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളും ഹിസ്ബുല്ലയുടെ കമാൻഡർമാരെ വധിച്ചതുമാണ് ഇതിന് കാരണമായി ഇസ്രായേൽ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഇസ്രായേലിന്റെ ഈ അവകാശവാദത്തിനിടയിലാണ് രണ്ട് ദിവസത്തിനിടെ ഏഴ് സൈനികർ കൊല്ലപ്പെടുന്നത്. ലെഫറ്റനന്റ് ഐവ്റി ഡിക്ഷ്ടെയിൻ ആണ് വ്യാഴാഴ്ച ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഗോലാനി ബ്രിഗേഡിന്റെ 51ാം ബറ്റാലിയനിലെ പ്ലാറ്റൂൺ കമാൻഡറാണ് ഡിക്ഷ്റ്റീൻ. ​വെടിവെപ്പിൽ മ​റ്റു രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ ആറ് സൈരികരാണ് കൊല്ലപ്പെട്ടത്. ലെബനാൻ അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ. ക്യാപ്റ്റൻ ഇറ്റായ് മാർകോവിച് (22), സ്റ്റാഫ് സർജന്റുമാരായ സരായ എൽബോയിം (21), ഡ്രോർ ഹെൻ (20), നിർ ജോഫർ (20), സർജന്റുമാരായ ഷാലേവ് ഇറ്റ്സാക് സാഗ്രോൺ (21), യോവ് ഡാനിയൽ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗോലാനി ബ്രിഗേഡിലെ 51ാം ബറ്റാലിയൻ അംഗങ്ങളാണ് ഇവരും. സെപ്റ്റംബറിൽ ആരംഭിച്ച കരയാക്രമണത്തിനിടെ ഇസ്രായേലിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്. വടക്കൻ ഇസ്രായേൽ നഗരമായ എലിയാക്കീമിൽ ഹിസ്ബുല്ല വിക്ഷേപിച്ച ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇസ്രായേലി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം, തെക്കൻ ലബനാനി​ലെ ഏറ്റുമുട്ടലുകളിൽ ഉണ്ടാകുന്ന നാശനഷ്ടം സംഭവിച്ച യഥാർഥ വിവരങ്ങളല്ല ഇസ്രായേൽ പുറത്തുവിടുന്നതെന്ന് ഇസ്രായേലി മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്. 1948ൽ ഗോലാനി ബ്രിഗേഡ് രൂപീകരിച്ചശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് മുൻ ഡെപ്യൂട്ടി കമാൻഡർ ജോയൽ ഒർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ അധികവും ഉന്നത ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം ചെയ്യാൻ ആളില്ലാതെ ഗോലാനി ബ്രിഗേഡ് ബുദ്ധിമുട്ടുകയാണെന്നും ഇസ്രായേലി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2023 ഒക്ടോബറിന് ശേഷം 103 സൈനികർ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൾ പറയുന്നത്. എന്നാൽ, യഥാർഥ കണക്ക് ഇതിനേക്കാൾ അധികമാണെന്നാണ് ഹമാസ് അടക്കമുള്ളവരുടെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *