ഗസ്സയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻറിനും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറൻറ്
യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് എന്നിവർക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനെതിരെയും അറസ്റ്റ് വാറൻറുണ്ട്. കോടതിയുടെ ഭാഗമായ 120ലധികം രാജ്യങ്ങളിൽ എവിടേക്കെങ്കിലും പോയാൽ ഇവരെ അറസ്റ്റ് ചെയ്യാൻ സാധിക്കും.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും 2023 ഒക്ടോബർ എട്ടിനും 2024 മെയ് 20നും ഇടയിൽ ഗസ്സയിൽ നടത്തിയ യുദ്ധക്കുറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിനും ഗാലൻറിനും എതിരായ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതെന്ന് കോടതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഗസ്സയിലെ സാധാരണക്കാരയ ജനങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം എന്നിവയും ഇന്ധനവും വൈദ്യുതിയുമെല്ലാം ഇവർ മനഃപ്പൂർവം തടസ്സപ്പെടുത്തിയെന്ന് വിശ്വസിക്കാൻ ന്യായങ്ങളുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
കോടതിയുടെ അധികാരപരിധി സംബന്ധിച്ച ഇസ്രായേലി വാദങ്ങളെയും കോടതി എതിർത്തു. കോടതിയുടെ അധികാരപരിധിയിൽ ഫലസ്തീൻ വരുന്നതാണെന്നും അതിനാൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കാമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മറ്റൊരു പ്രസ്താവനയിലാണ് ഗസ്സയിലെ ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനെതിരായ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേലിലും ഫലസ്തീനിലും നടത്തിയ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചൂണ്ടിക്കാട്ടി ഏകകണ്ഠേനയാണ് ദൈഫിനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതെന്ന് കോടതി വ്യക്തമാക്കി.