മഹാരാഷ്ട്രയിൽ കുതിരക്കച്ചവടം മണത്ത് കോൺഗ്രസ്; എംഎൽഎമാരെ പറത്താൻ പദ്ധതി

horse

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച വരാനിരിക്കെ കുതിരക്കച്ചവട പേടിയിലാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ്. പോളിങ് ശതമാനം ഉയർന്നതോടെ സംസ്ഥാനത്ത് കോൺഗ്രസിന് ആത്മവിശ്വാസവും ആശങ്കയും ഉയർന്നുകഴിഞ്ഞു. നാല് ശതമാനമാണ് പോളിങ് നിരക്ക് ഉയർന്നിരിക്കുന്നത്. പോളിങ് ശതമാനം ഉയരുന്നത് മഹായൂതി ഭരണകൂടത്തിനെതിരായ ജനവികാരത്തെയാണ് കാണിക്കുന്നതെന്നാണ് കോൺഗ്രസിന്റെ വാദം.horse

എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാർ കൂറുമാറുന്നത് പാർട്ടി സംസ്ഥാനത്തിൽ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ഈ പ്രശ്‌നത്തെ നേരിടാൻ ഫലപ്രഖ്യാപനത്തിന് ശേഷം ഏറ്റവും കൂടുതൽ സീറ്റ് നേടാൻ സാധ്യതയുള്ള വിദർഭ പ്രദേശത്തെ എംഎൽഎമാരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റാൻ പാർട്ടി പ്രത്യേക വിമാനം ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിദർഭയിലെ 62 സീറ്റുകളിൽ 35 മുതൽ 40 സീറ്റുകൾ വരെ നേടാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

സ്വതന്ത്രരായ സ്ഥാനാർഥികളുമായി ബന്ധം സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവ് വിജയ് വടെട്ടിവാറിന് പാർട്ടി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട് . വിദർഭയിലെ എംഎൽഎമാരെ സംരക്ഷിക്കേണ്ട ചുമതലയും വടെട്ടിവാറിന് തന്നെയാണ്.

അതേസമയം ഭൂരിഭാഗം എക്‌സിറ്റ്‌ പോളുകളും ബിജെപി നേതൃത്വത്തിലുള്ള സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ചാണക്യയും ന്യൂസ് എക്‌സും മഹായുതി 150 കടക്കുമെന്നു പ്രവചിക്കുമ്പോൾ പീപ്പിൾസ് പൾസ് 175 നു മുകളിലാണ് സാധ്യത കൽപ്പിച്ചത്. പീപ്പിൾസ് പൾസും ചാണക്യയുമാണ് മഹാവികാസ് അഘാഡി രണ്ടക്കത്തിൽ ഒതുങ്ങുമെന്നു വിലയിരുത്തിയത്. ബുധനാഴ്ചയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *