ചേലക്കരയിൽ എൽഡിഎഫ് ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും; കെ. രാധാകൃഷ്ണൻ
തൃശൂർ: ചേലക്കരയിൽ എൽഡിഎഫ് ഭൂരിപക്ഷം കുറഞ്ഞത് പാർട്ടി പരിശോധിക്കുമെന്ന് കെ. രാധാകൃഷ്ണൻ എംപി. ബിജെപിയുടെ വോട്ട് വർധന പ്രത്യേക സാഹചര്യത്തിലാണെന്നും വർഗീയ വേർതിരിവിന് വേണ്ടിയുള്ള ശ്രമം നടന്നപ്പോൾ ജനങ്ങൾ അതിൽ പെട്ടുപോയതാണെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.K. Radhakrishnan
12,122 വോട്ടുകൾക്കായിരുന്നു ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിന്റെ വിജയം. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. എതിർ സ്ഥാനാർഥിയായ യുഡിഎഫിന്റെ രമ്യാ ഹരിദാസിന് ചേലക്കരയിൽ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഒരു ഘട്ടത്തിൽപോലും യു.ആർ പ്രദീപിന് വെല്ലുവിളിയാകാൻ രമ്യ ഹരിദാസിന് കഴിഞ്ഞില്ല.
പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കര 1965ലാണ് രൂപീകൃതമായത്. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.