ആലപ്പുഴയിൽ ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താനാവാത്ത സംഭവം; 2 സ്‌കാനിംഗ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്‌ത്‌ ആരോഗ്യവകുപ്പ്

Unborn baby's defect not detected in Alappuzha; Health Department closes and seals 2 scanning centers

 

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. കുഞ്ഞിന്റെ മാതാവിന് സ്‌കാനിംഗ് നടത്തിയ ആലപ്പുഴയിലെ ശങ്കേഴ്സ്, മിടാസ് എന്നീ ലാബുകളാണ് ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്‌തത്‌. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തു. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ 2 വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി പരിശോധനയിൽ കണ്ടെത്തിയതിനാലാണ് രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തത്.

Also Read : നവജാതശിശുവിന്റെ അപൂർവ വൈകല്യം; ലാബുകൾക്ക് ഗുരുതര വീഴ്ച, ലൈസൻസ് റദ്ദാക്കും

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. ഇതിന്റെ തുടരന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികളും ഉണ്ടാകും.

അതേസമയം, സ്‌കാനിംഗ് ലാബുകൾക്കെതിരെ പ്രാഥമിക റിപ്പോർട്ട് നൽകിയ ജില്ലാതല അന്വേഷണ സമിതി പിരിച്ചു വിട്ടു.ആരോഗ്യമന്ത്രി വീണാ ജോർജ് നിയോഗിച്ച അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാതലസംഘവും നൽകുന്ന റിപ്പോർട്ട് വ്യത്യസ്തമായാൽ വിവാദമാകുമെന്ന് തിരിച്ചറിഞ്ഞാണ് ജില്ലാ അന്വേഷണ സമിതിയെ പിരിച്ചുവിട്ടത്.

ജില്ലാമെഡിക്കൽ ഓഫീസർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ആശുപത്രിയിലെ ഡോക്ടർമാർ കുറ്റക്കാരല്ല. സ്വകാര്യ ലാബുകളുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നും പരാമർശം ഉണ്ടായിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെ അന്വേഷണവിവരങ്ങൾ പുറത്തുവിടരുതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്. അസാധാരണ രൂപത്തിന്റെ കാരണം കണ്ടെത്താൻ ജനിതക വൈകല്യമുണ്ടായതാണോ എന്നറിയാൻ ജനിതക പരിശോധന നടത്തും. അമ്മയുടെയും കുഞ്ഞിന്റെയും രക്തസാമ്പിളുകൾ തിരുവനന്തപുരത്തേക്ക് അയയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *