ഇൻ്റൽ ജീവനക്കാരുടെ ക്ഷേമത്തിനായി ഉപവാസത്തിനൊരുങ്ങി മുൻ ഇൻ്റൽ സിഇഒ പാറ്റ് ഗെൽസിംഗർ
കാലിഫോർണിയ: ഒരു ലക്ഷം ഇൻ്റൽ ജീവനക്കാരുടെ ക്ഷേമത്തിനായി ഉപവാസത്തിനൊരുങ്ങി മുൻ ഇൻ്റൽ സിഇഒ പാറ്റ് ഗെൽസിംഗർ. അടുത്തിടെയായിരുന്നു ഇൻ്റലിൻ്റെ സിഇഒ പദവിയിൽ നിന്ന് പാറ്റ് ഗെൽസിംഗറിനെ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് കമ്പനിയുടെ ഒരു ലക്ഷം ജീവനക്കാരുടെ ക്ഷേമത്തിനും ഭാവിക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനും ഉപവസിക്കാനുമായി തന്നോടൊപ്പം ചേരാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥന നടത്തിയത്.Intel
‘എല്ലാ വ്യാഴാഴ്ചയും ഞാൻ 24 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും ചെയ്യുന്നു. ഒരു ലക്ഷം ഇൻ്റൽ ജീവനക്കാർ വലിയ പ്രശ്നങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്. അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും ഉപവസിക്കുന്നതിനും എന്നോടൊപ്പം ചേരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു’ എന്ന് പാറ്റ് ഗെൽസിംഗർ എക്സിൽ കുറിച്ചു.
കമ്പനിയുടെ മോശം പ്രകടനത്തെത്തുടർന്നാണ് ഇൻ്റൽ സിഇഒ പാറ്റ് ഗെൽസിംഗറിനെ അടുത്തിടെ പുറത്താക്കിയത്. ഇൻ്റലിന്റെ നേതൃനിരയിൽ പ്രവർത്തിക്കാൻ സാധിച്ചത് എന്റെ ജീവിതകാല ബഹുമതിയാണ് എന്നായിരുന്നു പുറത്താക്കപ്പെട്ടതിനു ശേഷം പാറ്റ് ഗെൽസിംഗർ പറഞ്ഞത്. എൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ഈ കമ്പനിയുടെ കൂടെയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാറ്റ് ഗെൽസിംഗറിന് പകരം ഇടക്കാല കോ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരായി ഡേവിഡ് സിൻസ്നർ, മിഷേൽ ജോൺസ്റ്റൺ ഹോൾത്തൗസ് എന്നിവരെയാണ് കമ്പനി നിയമിച്ചത്. അതേസമയം പുതിയ സിഇഒയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയുടെ ഡയറക്ടർ ബോർഡെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.