‘പണം സമ്പാദിക്കണം’; ‘ലക്കി ഭാസ്കർ’ കണ്ട് ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒമ്പതാം ക്ലാസ് വിദ്യാർഥികൾ
വിശാഖപട്ടണം: ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്കർ’ ചിത്രം കണ്ട് പണം സമ്പാദിക്കാനായി ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർഥികൾ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലായിരുന്നു സംഭവം. സെന്റ് ആൻസ് ഹെെസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ നാല് പേരാണ് ഹോസ്റ്റലിൽ നിന്ന് ഓളിച്ചോടിയത്. ബോഡപതി ചരൺ തേജ, ഗുഡാല രഘു, നക്കല കിര കുമാർ, കാർത്തിക് എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ കാണാതായത്.Lucky Bhaskar’
വിദ്യാർഥികൾ ഹോസ്റ്റൽ ഗേറ്റ് മറികടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലക്കി ഭാസ്കർ സിനിമയിലെ ദുൽഖർ ഏറെ സ്വാധീനിച്ചെന്നും ദുൽഖറിനെ പോലെ നിറയെ സമ്പാദിച്ച് കാറും വീടുമൊക്കെ വാങ്ങാൻ കഴിയുന്ന അവസ്ഥയിലെത്തുന്നത് വരെ തങ്ങൾ മടങ്ങിവരില്ലെന്നും വിദ്യാർഥികൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
മഹാരാണിപ്പെട്ടിലെ വിസാഗിലുള്ള ഹോസ്റ്റലിലാണ് ഇവർ താമസിച്ചിരുന്നത്. വിദ്യാർത്ഥികൾ ബാഗുമായി ഹോസ്റ്റലിന്റെ മതിൽ ചാടുന്നതും റോഡിലൂടെ ഓടിപോകുന്നതും പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. കുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.
ദാരിദ്ര്യത്തിൽ നിന്ന് പണക്കാരനായി ഉയരുന്ന ഒരു സാധാരണക്കാരനെക്കുറിച്ചുള്ള സിനിമയാണ് ‘ലക്കി ഭാസ്കർ’. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പർ ഹിറ്റായിരുന്നു. ദുൽഖർ സൽമാൻ നായകനായ ചിത്രം വെങ്കി അറ്റ്ലൂരിയാണ് രചനയും സംവിധാനവും നിർവഹിച്ചത്.