നടൻ ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ സിനിമയുടെ റിലീസ് തടഞ്ഞ് കോടതി
കൊച്ചി: നടൻ ആസിഫ് അലിയുടെ പുതിയ സിനിമയുടെ റിലീസ് കോടതി തടഞ്ഞു. ‘ആഭ്യന്തര കുറ്റവാളി’ എന്ന സിനിമയുടെ റിലീസ് ആണ് എറണാകുളം ജില്ലാ കോടതി തടഞ്ഞത്. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് നടപടി.Domestic Criminal
ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.കെ. അനീഷ് ആണ് കോടതിയെ സമീപിച്ചത്. നിർമാണവുമായി ബന്ധപ്പെട്ട് വിവിധ തവണകളായി പരാതിക്കാരൻ അണിയറക്കാർക്ക് പണം നൽകിയിരുന്നു.
എന്നാൽ പിന്നീട് പറ്റിക്കപ്പെട്ടു എന്നും അണിയറക്കാർ മറ്റൊരു നിർമാതാവിനെ കണ്ടെത്തിയെന്നുമാണ് പരാതി. അതിനാൽ കോടതി ഇടപെടണമെന്നും റിലീസ് തടയണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
ആഗസ്റ്റ് അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ പുതുമുഖ താരം തുളസിയാണ് നായിക.
ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.