‘VHP പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയില്ല, ഇടതുപക്ഷ PTA പ്രസിഡൻ്റാണ് കേസ് കൊടുത്തത്’; ന്യായീകരിച്ച് ബി ജെ പി
നല്ലേപ്പിള്ളിയിൽ സ്‌കൂളിലെ ക്രിസ്‌മസ് ആഘോഷം തടഞ്ഞ സംഭവം, വിഎച്ച്പി പ്രവർത്തകർ നിരപരാധികളാണ്, പിന്നിൽ സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബിജെപി. നല്ലേപ്പിള്ളിയിൽ VHP പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയില്ലെന്ന് ബി ജെ പി പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞു.VHP
ബി ജെ പി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടനാണ് ന്യായീകരണവുമായി രംഗത്തെത്തിയത്. ഇടതുപക്ഷ പ്രവർത്തകനായ PTA പ്രസിഡൻ്റാണ് കേസ് കൊടുത്തത്. ആഘോഷം കഴിഞ്ഞാണ് VHP പ്രവർത്തകർ സ്കൂളിൽ എത്തിയതെന്നും ഓമനക്കുട്ടൻ പറഞ്ഞു.
നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ബജരംഗദൾ ജില്ലാ സംയോജക് വി സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂർ പൊലിസ് അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മതസ്പർധ വളർത്തൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വിഎച്ച്പി നേതാക്കൾ സ്കൂളിലെത്തിയത്.
ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം. വിദ്യാർഥികളുടെ മുന്നിൽ വച്ച് അധ്യാപകരെ അസഭ്യം പറയുകകയും ചെയ്തു. ഇതിന് പിന്നാലെയാണ് അധ്യാപകർ പൊലീസിൽ പരാതി നൽകിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്ത് ചിറ്റൂർ സബ്ജയിലിലേക്ക് മാറ്റി.