‘ഗോസിപ്പ് നിർത്തൂ; മനുഷ്യരോട് സൗഹൃദത്തോടെ പെരുമാറൂ’-കന്യാസ്ത്രീകളോട് മാർപാപ്പ
വത്തിക്കാൻ സിറ്റി: ആളുകളെ കുറിച്ച് അപവാദങ്ങൾ പറഞ്ഞുനടക്കുന്ന കന്യാസ്ത്രീകൾക്കെതിരെ കടുത്ത ഭാഷയിൽ ഫ്രാൻസിസ് മാർപാപ്പ. ഗോസിപ്പ് പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാവരോടും സ്‌നേഹത്തോടെയും സൗഹാർദത്തോടെയും പെരുമാറുന്ന ജീവിതശൈലി സ്വീകരിക്കണമെന്നും കന്യാസ്ത്രീകളെ ഉപദേശിച്ചു. കന്യാസ്ത്രീകൾ മുഖം കനപ്പിച്ചു നടക്കുന്നതു കാരണം ആളുകൾ സഭയിൽനിന്ന് അകലുകയാണെന്ന വിമർശനവും ഉന്നയിച്ചു മാർപാപ്പ.kind
സെന്റ് കാതറിൻ ഓഫ് സീന വിഭാഗത്തിൽപെട്ട ഡൊമിനിക്കൻ സഭയിൽനിന്നുള്ള ഒരു സംഘം കന്യാസ്ത്രീകളോട് സംവദിക്കുന്നതിനിടെയാണ് അപവാദപ്രചാരണങ്ങൾക്കെതിരെ അദ്ദേഹം സ്വരം കടുപ്പിച്ചത്. ‘ഗോസിപ്പ് വിഷമാണ്, നാശമാണ്. നിങ്ങൾക്കിടയിൽ ഗോസിപ്പ് പരിപാടികൾ ഉണ്ടാകരുത്. സ്ത്രീകളോട് ഇങ്ങനെയൊരു ആവശ്യമുയർത്തുന്നത് അൽപം കടന്ന കൈയാണെന്ന് അറിയാം. എന്നാലും, അപവാദം പറഞ്ഞു നടക്കുന്ന ശീലം നിർത്തി നമുക്ക് മുന്നോട്ടുപോകാം..’-മാർപാപ്പ പറഞ്ഞു.
ഇത് ആളുകളെ ആകർഷിക്കാൻ പോന്ന സ്വഭാവമല്ല. വൃത്തികെട്ട സംഗതിയാണിത്. ഇത്തരം ദുഷിച്ച മുഖമുള്ള കന്യാസ്ത്രീകളെ കുറിച്ച് സംസാരം തന്നെ പാടില്ലെന്നും കർത്താവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കണമെന്നും മാർപാപ്പ തുടർന്നു. പിശാചുമായി സംസാരം പാടില്ലെന്നും അദ്ദേഹം ഉപദേശിച്ചു. കർത്താവ് തന്നെ അതു നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അവൻ എല്ലാവരോടും സംസാരിക്കുന്നു; പിശാചിനോടൊഴികെ. പിശാചുമായി സംസാരം അരുത്. അസൂയ സ്ത്രീകൾക്കു മാത്രമല്ല, എല്ലാ മനുഷ്യർക്കുമുള്ളതാണ്. പക്ഷേ, അതുവഴിയാണ് പിശാച് കടന്നുകൂടുകയെന്നും മാർപാപ്പ ഓർമിപ്പിച്ചു.
കന്യാസ്ത്രീകൾ ചെയ്യുന്ന സേവനപ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. സൗഹാർദത്തിന്റെ ദൂതരും സന്തോഷത്തിന്റെയും ആത്മാവിന്റെയും വരദാനങ്ങളുമാകണം കന്യാസ്ത്രീകളെന്നും മാർപാപ്പ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.