ലാസ് വെഗാസില്‍ യുഎഫ്സി ചാംപ്യൻ ഹബീബ് മുഹമ്മദോവിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു
വാഷിങ്ടൺ: മിക്സഡ് ആയോധനകലയില്‍ ശ്രദ്ധേയനായ റഷ്യൻ താരം ഹബീബ് നൂർ മുഹമ്മദോവിനെ അമേരിക്കയിൽ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണു സംഭവം. അമേരിക്കൻ വിമാന കമ്പനിയായ ഫ്രണ്ടിയർ എയർലൈൻസിൽ എക്സിറ്റ് റോ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണു നടപടി. ജീവനക്കാരി വളരെ മോശമായാണു പെരുമാറിയതെന്നും തർക്കത്തിനു കാരണം വംശീയതയോ ദേശീയതയോ എന്താണെന്ന് അറിയില്ലെന്നും അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യന്‍ഷിപ്പ്(യുഎഫ്സി) ലൈറ്റ് വെയ്റ്റ് ചാംപ്യന്‍ പ്രതികരിച്ചു.Khabib Nurmuhammadov
ശനിയാഴ്ച ലാസ് വെഗാസിൽനിന്ന് ലോസ് ഏഞ്ചൽസിലേക്കു പുറപ്പെടാനിരുന്ന വിമാനത്തിലാണു സംഭവം. വിമാനത്തിലെ എക്സിറ്റ് റോയിലായിരുന്നു ഹബീബ് ഇരുന്നിരുന്നത്. യാത്രയ്ക്കുമുൻപ് താരത്തിന്റെ അടുത്തെത്തിയ ഒരു ജീവനക്കാരി സീറ്റ് മാറണമെന്നും ഇല്ലെങ്കിൽ പുറത്താക്കുമെന്നും അറിയിക്കുകയായിരുന്നു.
എക്സിറ്റ് റോയിൽ ഇരിക്കുന്നതിനാൽ അടിയന്തര ഘട്ടത്തിൽ മറ്റു യാത്രക്കാരെ സഹായിക്കാൻ സാധിക്കുമോ എന്ന് ജീവനക്കാരി ചോദിച്ചതാണു തർക്കങ്ങളുടെ തുടക്കമെന്നാണു വിവരം. തുടക്കത്തിൽ ചോദ്യം വ്യക്തമാകാതെ ഇരുന്ന ഹബീബിനോട് സീറ്റ് മാറി ഇരിക്കണമെന്ന് ജീവനക്കാരി ആവശ്യപ്പെട്ടു. ഇതിനിടെ എക്സിറ്റ് റോയിലെ യാത്രക്കാർക്കുള്ള നിർദേശം മനസിലാക്കിയ താരം സഹായത്തിന് ഒരുക്കമാണെന്നു പറഞ്ഞെങ്കിലും ജീവനക്കാരി അംഗീകരിച്ചില്ല. തൊട്ടടുത്തിരുന്ന റഷ്യക്കാരി താരത്തെ പ്രതിരോധിച്ചു രംഗത്തെത്തിയെങ്കിലും വഴങ്ങിയില്ല.
ഇദ്ദേഹത്തിനു മറ്റു യാത്രക്കാരെ സഹായിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സീറ്റ് മാറിയിരിക്കുന്നതാണു നല്ലതെന്നും വ്യക്തമാക്കി. താരം എക്സിറ്റ് റോയിൽ ഇരിക്കുന്നതിൽ വിമാനത്തിലെ ജീവനക്കാർ അസ്വസ്ഥരാണെന്നും വ്യക്തമാക്കി. ചെക്കിൻ സമയത്ത് തനിക്ക് ഇംഗ്ലീഷ് അറിയുമോ എന്നു ചോദിച്ചറിയുകയും ഉദ്യോഗസ്ഥർക്കു ബോധ്യപ്പെടുകയും ചെയ്തതാണെന്നും ഹബീബ് പറഞ്ഞുനോക്കിയെങ്കിലും കാര്യമുണ്ടായില്ല.
അവരുടെ വിലയിരുത്തൽ പിഴച്ചതാണെന്നായിരുന്നു പ്രതികരണം. കൂടുതൽ തർക്കത്തിനില്ലെന്നും സൂപ്പർവൈസറെ വിളിക്കുകയാണെന്നും ജീവനക്കാരി അറിയിച്ചു. പിന്നാലെ സീറ്റിനടുത്തെത്തിയ മാനേജറും സീറ്റ് മാറണമെന്ന് ആവർത്തിച്ചു. ഇല്ലെങ്കിൽ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാമെന്നും അറിയിച്ചു. ഇതിൽ താരം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് വിമാനത്തിൽനിന്നു പുറത്താക്കുകയായിരുന്നുവെന്ന് ‘ഹഫിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. പിന്നാലെ ഹബീബിനൊപ്പമുണ്ടായിരുന്ന സഹായികളും വിമാനത്തിൽനിന്നു പുറത്തിറങ്ങുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്. വിമാനം ജീവനക്കാരുടെ വംശീയതയാണു താരത്തോടുള്ള പെരുമാറ്റത്തിലൂടെ പുറത്തുവരുന്നതെന്നാണ് ഉയരുന്ന വിമർശനം. ഇതിനിടെ, സംഭവത്തിൽ ഹബീബ് തന്നെ വിശദീകരണവുമായി എത്തിയിട്ടുണ്ട്. തന്റെ അടുത്തു വന്ന സ്ത്രീ തുടക്കം മുതൽ തന്നെ വളരെ മോശമായാണു സംസാരിച്ചതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
‘നന്നായി ഇംഗ്ലീഷ് സംസാരിക്കാനും മനസിലാക്കാനും എനിക്കു കഴിയും. സഹായിക്കാൻ സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തതാണ്. എന്നിട്ടും എന്നെ സീറ്റിൽനിന്നു മാറ്റണമെന്നു നിർബന്ധം പിടിക്കുകയായിരുന്നു അവർ. വംശീയതയാണോ ദേശീയതയാണോ മറ്റെന്തെങ്കിലുമാണോ ഇതിനു കാരണമെന്നു വ്യക്തമല്ല. രണ്ടു മിനിറ്റ് സംസാരിച്ച ശേഷം സുരക്ഷാ ജീവനക്കാരെ വിളിച്ചുകൊണ്ടുവന്ന് എന്നെ വിമാനത്തിൽനിന്നു പുറത്താക്കുകയാണു ചെയ്തത്. ഒന്നര മണിക്കൂറിനുശേഷം ഞാൻ മറ്റൊരു വിമാനത്തിൽ യാത്ര തിരിക്കുകയും ചെയ്തു.’-ഹബീബ് എക്സിൽ കുറിച്ചു.
പരമാവധി ശാന്തമായും ബഹുമാനത്തോടെയുമാണ് താന്‍ ഇടപെട്ടതെന്ന് വിഡിയോയിൽ നിങ്ങൾക്കു കാണാമെന്നും താരം പറഞ്ഞു. വിമാന ജീവനക്കാർ അടുത്ത തവണ കൂടുതൽ നന്നായി പെരുമാറണം. ഉപയോക്താക്കളോട് നല്ല രീതിയിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അലാസ്ക എയറിലാണു സംഭവമുണ്ടായതെന്ന വാർത്തകൾ തള്ളുകയും ചെയ്തിട്ടുണ്ട് ഹബീബ്.
മിക്സഡ് മാർഷ്യൽ ആർട്സിൽ ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഹബീബ് നൂർ മുഹമ്മദോവ്. ഏറ്റവും കൂടുതൽ യുഎഫ്സി ലൈറ്റ് വെയ്റ്റ് ചാംപ്യൻ പട്ടം എന്ന റെക്കോർഡ് താരത്തിനു സ്വന്തമാണ്. തോൽവി അറിയാതെ തുടർച്ചയായി 29 തവണയാണ് ചാംപ്യൻഷിപ്പ് വിജയം സ്വന്തമാക്കിയത്. 2018 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയാണു താരം കിരീടം കൈവിടാതെ മുന്നേറിയത്. അപരാജിതനെന്ന റെക്കോർഡുമായി 2021ൽ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.