‘എന്ത് കൊണ്ട് വിജയ് ഹസാരെ ട്രോഫി കളിച്ചില്ല ?’; സഞ്ജുവിന്‍റെ ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷകള്‍ തുലാസില്‍
ഐ.സി.സിയുടെ സുപ്രധാന ടൂർണമെന്റുകളിൽ ഒന്നിലും മലയാളി താരം സഞ്ജു സാംസണ് ഇതുവരെ കളത്തിലിറങ്ങാനായിട്ടില്ല. കഴിഞ്ഞ ടി20 ലോകകപ്പിൽ ടീമിൽ ഇടംപിടിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തിന് കളിക്കാനായില്ല. ഫെബ്രുവരിയിൽ അരങ്ങേറുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവുണ്ടാകുമോ? അക്കാര്യവും ഇപ്പോൾ തുലാസിലാണ്.Sanju
ഇന്ത്യക്കായി കളിക്കുന്ന താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലാത്ത സമയത്ത് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്ന കർശന നിർദേശം ബി.സി.സി.ഐ നേരത്തേ പുറപ്പെടുവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കേരളത്തിനായി കളത്തിലിറങ്ങിയിട്ടില്ല. സഞ്ജുവിന്റെ ഈ തീരുമാനത്തിൽ ബി.സി.സി.ഐ തൃപ്തരല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
”ബോർഡും സെലക്ടർമാരും ആഭ്യന്തര ക്രിക്കറ്റിന് നൽകുന്ന പ്രാധാന്യം വലുതാണ്. കഴിഞ്ഞ വർഷം ഇഷാൻ കിഷനെയും ശ്രേയസ് അയ്യരേയും കരാറിൽ നിന്ന് ഒഴിവാക്കിയത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. സഞ്ജു എന്ത് കൊണ്ടാണ് വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നത് എന്നതിന് ഒരു വിശദീകരണവും ഇതുവരെ ലഭിച്ചിട്ടില്ല.ആ സമയത്ത് സഞ്ജു ദുബായിലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്” ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സെലക്ടർമാർക്ക് ന്യായമായൊരു കാരണമാണ് കിട്ടേണ്ടത്. അല്ലാത്ത പക്ഷം അദ്ദേഹത്തെ പരിഗണിക്കുന്നത് പ്രയാസകരമാവുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.