തൃശൂരിൽ പതിനാറുകാരനെ പൊലീസുകാർ മർദിച്ചതായി പരാതി; വനിതാ എസ്‌ഐക്കും മൂന്ന് സിപിഒമാർക്കുമെതിരെ പരാതി
തൃശൂർ: തൃശൂരിൽ തളിക്കുളത്ത് പതിനാറുകാരനെ പൊലീസുകാർ മർദിച്ചതായി പരാതി. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്, വനിതാ എസ്‌ഐയും മൂന്ന് സിപിഒമാരും ക്രൂരമായി മർദ്ദിച്ചെന്നാണ് കുട്ടിയുടെ ആരോപണം. വാടാനപ്പള്ളി എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ കുടുംബം പരാതി നൽകി.female
ഇന്നലെയാണ് തളിക്കുളത്ത് ക്ഷേത്രത്തിൽ കാവടി ഉണ്ടായിരുന്നത്. കാവടിയുമായി ബന്ധപ്പെട്ട് പ്രദേശത്തെ ആളുകൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയിൽ തമ്പാം കടവ് ബീച്ചിൽ വച്ചാണ് വാടാനപ്പള്ളി പൊലീസ് 16 കാരനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിൽ എടുക്കുന്നത്. ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ ഭാഗമായി ആയിരുന്നു നടപടി. കസ്റ്റഡിയിലെടുത്തു കൊണ്ടുവന്ന 16 കാരനെയും സുഹൃത്തുക്കളെയും ബാത്റൂമിൽ വെച്ച് വനിത എസ്ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി.
16 കാരനും സുഹൃത്തുക്കളും കാവടി ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ ഭാഗമായിട്ടില്ലെന്നും കുടുംബം പറയുന്നു. നിലവിൽ പതിനാറുകാരൻ നെഞ്ചുവേദനയും പുറം വേദനയും കാരണം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ആരോപണങ്ങൾ വാടാനപ്പള്ളി പൊലീസ് നിഷേധിച്ചു. സംഭവത്തിൽ എസ്പിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകാനാണ് കുടുംബത്തിൻറെ തീരുമാനം.