നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; ഡല്‍ഹിയില്‍ നാല് ആം ആദ്മി നേതാക്കള്‍ ബിജെപിയില്‍

bjp

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നാല് ആം ആദ്മി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. രണ്ട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുള്‍പ്പെടെയാണ് എഎപി വിട്ടത്.BJP

ഭജൻപുരയിൽ നിന്നുള്ള കൗൺസിലർ രേഖ റാണിയും ഖ്യാല കൗൺസിലർ ശിൽപ കൗറും ഇന്ന് ബിജെപി നേതാക്കളായ ഹർഷ് മൽഹോത്ര, മനോജ് തിവാരി, കമൽജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിൽ പാര്‍ട്ടിയിൽ ചേർന്നു. 2015-20 കാലഘട്ടത്തിൽ ഘോണ്ടയിൽ നിന്നുള്ള എംഎൽഎ ആയിരുന്ന ശ്രീദത്ത് ശർമ, എഎപി എംപി സഞ്ജയ് സിങ്ങിൻ്റെ പാർലമെൻ്ററി പ്രതിനിധി ചൗധരി വിജേന്ദ്ര എന്നിവരും ബിജെപിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ നേതാക്കന്‍മാരുടെ പാര്‍ട്ടിമാറ്റം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച നിരവധി ആം ആദ്മി പാർട്ടി നേതാക്കളും അംഗങ്ങളും സംസ്ഥാന പ്രസിഡൻ്റ് വീരേന്ദ്ര സച്ദേവയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നിരുന്നു. മോഡൽ ടൗൺ നിയമസഭയിലെ കമല നഗർ വാർഡിൽ നിന്ന് രണ്ട് തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച കപിൽ നാഗറും നൂറിലധികം ആം ആദ്മി പാർട്ടി പ്രവർത്തകരും ഈയിടെ കാവിപാര്‍ട്ടിയിലേക്ക് ചേക്കേറിയിരുന്നു. കൽക്കാജി നിയമസഭയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി കൂടിയായ പാർട്ടി നേതാവ് രമേശ് ബിധുരിയുടെ സാന്നിധ്യത്തിലാണ് ഈ എഎപി പ്രവർത്തകർ ബിജെപിയിൽ ചേർന്നത്.

അതിനിടെ, ശനിയാഴ്ച നിരവധി കോൺഗ്രസ്, ബിജെപി നേതാക്കളും പ്രവർത്തകരും മുഖ്യമന്ത്രി അതിഷിയുടെ സാന്നിധ്യത്തിൽ ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. സൗജന്യ വൈദ്യുതി-വെള്ളം, നല്ല സർക്കാർ സ്‌കൂളുകൾ-ആശുപത്രികൾ, സ്ത്രീകളുടെ ബസ് യാത്ര തുടങ്ങിയ തങ്ങളുടെ പ്രവർത്തനങ്ങൾ കണ്ടാണ് ആളുകൾ ആം ആദ്മി പാർട്ടിയിൽ ചേരുന്നതെന്ന് അതിഷി പറഞ്ഞു.

ഫെബ്രുവരി 5നാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. 8ന് വോട്ടെണ്ണല്‍ നടക്കും. ഭരണകക്ഷിയായ എഎപിയും ബിജെപിയും കോൺഗ്രസും തമ്മിൽ ത്രികോണ മത്സരമാണ് ഡൽഹിയിൽ നടക്കുന്നത്. ഡൽഹിയിൽ 15 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന കോൺഗ്രസ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടിരുന്നു. ഒരു സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകളും നേടിയാണ് ആം ആദ്മി അധികാരത്തിലേറിയത്. 8 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *