ഒമ്പതുകാരിയെ പീഡിപ്പിക്കാൻ പദ്ധതിയിട്ട മുൻ യു.എസ് ഉന്നത ഉദ്യോഗസ്ഥന് 11.5 വർഷം തടവ്

ലണ്ടൻ: ഒൻപത് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലെത്തിയ യു.എസ് ഗവൺമെന്റിലെ മുൻ ഉന്നത ഉദ്യോഗസ്ഥന് യു.കെയിൽ 11.5 വർഷം തടവു ശിക്ഷ. ഒബാമ ഭരണകൂടത്തിലെ ഭീകരവാദ വിരുദ്ധ ഉപദേശകനും അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കറുമായ റഹാമിം ഷൈ (47) എന്നയാൾക്കെതിരെയാണ് ഇംഗ്ലണ്ടിലെ ലുട്ടൻ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബെഡ്ഫോഡിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്.molest
ഇംഗ്ലണ്ടിലെ കിഴക്കൻ കൗണ്ടിയായ ബെഡ്ഫോഡ്ഷെയറിലെ പൊലീസ് നടത്തിയ രഹസ്യ ഓപറേഷനിലാണ് അമേരിക്കയിലെ ന്യൂജേഴ്സി സ്വദേശിയായ ഷൈ വലയിലായത്. ഇയാൾ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടെത്തിയ പെൺകുട്ടി യഥാർത്ഥത്തിൽ പൊലീസിന്റെ സാങ്കൽപ്പിക സൃഷ്ടി മാത്രമായിരുന്നു. ഇല്ലാത്ത പെൺകുട്ടിയുടെ മുത്തശ്ശിയായി അഭിനയിച്ച ബെഡ്ഫോഡ്ഷെയർ പൊലീസിലെ ഉദ്യോഗസ്ഥയുമായി ഒരു മാസത്തോളം ആശയവിനിമയം നടത്തിയ ശേഷമാണ് ഇയാൾ കൂടിക്കാഴ്ചയ്ക്കു വേണ്ടി ഇംഗ്ലണ്ടിലെത്തിയത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്ന രീതിയെക്കുറിച്ച് ഇയാൾ വിശദമായി ‘മുത്തശ്ശി’യോട് ഓൺലൈൻ സന്ദേശങ്ങളിലൂടെ വിവരിച്ചിരുന്നു.
2024 ഫെബ്രുവരി 23-നാണ് ഷൈ ഗാറ്റ്വിക്ക് എയർപോർട്ടിൽ വിമാനമിറങ്ങിയത്. അവിടെ നിന്ന് പെൺകുട്ടിയുടെ ‘മുത്തശ്ശി’യെ കാണാൻ ബെഡ്ഫോഡിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ ബാഗിൽ നിന്ന് പെൺകുട്ടിയെ വശീകരിക്കാനും പീഡിപ്പിക്കാനും ഉദ്ദേശിച്ചുള്ള വസ്തുക്കൾ പിടികൂടിയെന്നും കോടതിയെ അക്കാര്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. വിചാരണക്കിടെ, താൻ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ പ്രതി ശ്രമിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്താനുദ്ദേശിച്ച് ആശയവിനിമയം നടത്തുന്ന സമയത്ത് ഇയാൾ അമേരിക്കയിലായിരുന്നുവെന്നും, അതിനാൽ യു.കെയിലെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നും ഷൈയുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ, യു.കെയിൽ കുറ്റം ചെയ്യുന്നതിന് വിദേശത്ത് പദ്ധതിയിട്ടാലും രാജ്യത്തിനകത്ത് വിചാരണ നേരിടണമെന്ന നിയമമുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി മുഖവിലക്കെടുത്തു.
സിറ്റി ബാങ്കിങ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്ന റഹാഹിം ഷൈ 2008 – 2014 കാലയളവിൽ യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റിൽ ഉപദേശകനായി ജോലി ചെയ്തിരുന്നു. ഭീകരസംഘടനകൾക്ക് പണമെത്തുന്നത് തടയുക, ശത്രുപക്ഷത്തുള്ള രാഷ്ട്രങ്ങൾക്കുമേൽ ഉപരോധമേർപ്പെടുത്താൻ സുഹൃദ് രാഷ്ട്രങ്ങളെ സ്വാധീനിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഇയാൾ ഭരണകൂടത്തിന് ഉപദേശം നൽകിയിരുന്നത്. നാറ്റോയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ സെക്യുരിറ്റി അസിസ്റ്റൻസ് ഫോഴ്സിന് (ഇസാഫ്) ഉപേദശം നൽകാൻ ഇയാൾ അഫ്ഗാനിസ്താനും ജോലി ചെയ്തിരുന്നു.
