ലീവ് നിഷേധിച്ചു; ബംഗാളിൽ സർക്കാർ ജീവനക്കാരൻ സഹപ്രവർത്തകരെ കുത്തിപ്പരിക്കേൽപ്പിച്ചു
കൊൽക്കത്ത: ലീവ് നിഷേധിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാരൻ നാല് സഹപ്രവർത്തകരെ കുത്തിപ്പരിക്കേൽപ്പിച്ചു. അമിത് കുമാർ സർക്കാർ എന്ന വ്യക്തിയാണ് സഹപ്രവർത്തകരെ ആക്രമിച്ചത്. കുത്തിയ ശേഷം രക്തം പുരണ്ട കത്തിയുമായി ഇയാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.government
കൊൽക്കത്തയിലെ കരിഗാരി ഭവനിലെ ടെക്‌നിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരനാണ് അമിത്. ഓഫീസിലെത്തിയ അമിത് അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരോട് തർക്കിച്ചിരുന്നു. പിന്നാലെ ഇവരെ ആക്രമിക്കുകയായിരുന്നു.
ജയദേബ് ചക്രബർത്തി, സാഹ, സാർത്ത ലേറ്റ്, ശെഖ് ശതാബുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
ലീവ് നിഷേധിച്ചതിനെ തുടർന്നാണ് അമിത് പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ലീവ് നിഷേധിക്കാനുള്ള കാരണം വ്യക്തമല്ല. അമിത് അറസ്റ്റിലായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇയാൾക്ക് മാനസികപ്രശ്‌നമുള്ളതായി സംശയമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.