ഡൽഹിയിൽ എഎപിക്ക് അടിപതറുന്നു; ബിജെപി ലീഡ് കേവലഭൂരിപക്ഷം കടന്നു

AAP suffers setback in Delhi; BJP's lead crosses absolute majority mark

 

ഡൽ​ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ മണിക്കൂറിൽ എഎപിക്ക് തിരിച്ചടി. ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു. പോസ്റ്റൽ വോട്ടുകളിൽ ബിജെപി തുടർന്ന ആധിപത്യം ഇവിഎം എണ്ണിതുടങ്ങിയപ്പോഴും തുടർന്നു. അവസാന ലീ‍ഡ് നില അനുസരിച്ച് 42 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. എഎപി 27 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺ​ഗ്രസിന് കനത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്. ഒരു സീറ്റിൽ മാത്രമാണ് കോൺ​ഗ്രസ് ലീഡ് ചെയ്യുന്നത്.

അതേസമയം ആംആദ്മിയുടെ അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികൾ പിന്നിലാണ്. കൽക്കാജിയിൽ അതിഷി ലീഡ് നേടി.
ന്യൂഡൽഹിയിൽ കെജ്രിവാൾ പിന്നിലാണ്, ജംഗ്പുരയിൽ മനീഷ് സിസോദിയയും ഓഖ്ലയിൽ അമാനത്തുള്ള ഖാനും പിന്നിലാണ്, ഗ്രേറ്റർ കൈലാഷിൽ സൗരഭ് ഭരദ്വാജ് ലീഡ് നേടി.

70 അംഗ നിയമസഭയിലേക്ക്‌ 36 സീറ്റുകൾ നേടുന്നവർ സർക്കാരുണ്ടാക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ വിജയിച്ചാണ്‌ എഎപി ഭരണമുറപ്പിച്ചത്‌. 2015ൽ എഎപി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക്‌ മൂന്ന്‌ എംഎൽഎമാർ മാത്രമാണ് ഉണ്ടായത്‌. 2015ലും 2020ലും കോൺഗ്രസിന്‌ ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *