‘ശനിയാഴ്ചക്കകം മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കണം’; ഭീഷണിയുമായി ട്രംപ്​

Trump

വാഷിങ്​ടൺ: ശനിയാഴ്ച ഉച്ചയോടെ ഗസ്സയിലുള്ള എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപ്. ‘എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച 12 മണിക്ക് എല്ലാ ബന്ദികളെയും തിരിച്ചയച്ചില്ലെങ്കിൽ, ഇത് ഉചിതമായ സമയമാണെന്ന് ഞാൻ കരുതുന്നു, കരാറുകൾ റദ്ദാക്കുകയും നരകത്തെ തകർക്കാൻ അനുവദിക്കുകയും ചെയ്യും. ശനിയാഴ്ച 12 മണിക്കകം അവരെ തിരിച്ചയക്കണമെന്ന് ഞാൻ പറയുകയാണ്​’ -ട്രംപ് തിങ്കളാഴ്ച ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.Trump

‘ഒന്നും രണ്ടും മൂന്നും നാലും പേരായിട്ടില്ല, എല്ലാവരെയും ശനിയാഴ്ച 12 മണിക്ക്​ മുമ്പായി തിരിച്ചയക്കണം. അതിനുശേഷം എല്ലാ നരകവും പൊട്ടിപ്പുറപ്പെടാൻ പോവുകയാണ്​’ -ട്രംപ്​ പറഞ്ഞു. ബന്ദികളാക്കിയവരിൽ ഭൂരിഭാഗവും മരിച്ചതായി താൻ കരുതുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി.

കഴിഞ്ഞ രണ്ട് ദിവസമായി താൻ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ അവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാകില്ല. അവർ അധികനാൾ ഉണ്ടാകില്ല. ശനിയാഴ്ച 12 മണിക്ക്, അതിനുശേഷം ഇത് വ്യത്യസ്തമായ ഒരു ഗെയിമായിരിക്കുമെന്നും ട്രംപ്​ മുന്നറിയിപ്പ്​ നൽകി.

ശനിയാഴ്ചത്തെ സമയപരിധിക്ക് ശേഷമുണ്ടാകുന്ന നടപടിയിൽ അമേരിക്കയുടെ പങ്കാളിത്തമുണ്ടാകുമോ എന്ന ചോദ്യത്തിന്​ ‘എന്താണ് സംഭവിക്കുന്നതെന്ന് നമ്മളെല്ലാവരും കാണും’ എന്നായിരുന്നു ട്രംപിന്‍റെ മറുപടി. ഫലസ്തീനികളെ ഗസ്സയിൽനിന്ന് മാറ്റിപ്പാർപ്പിക്കുന്നത് അംഗീകരിക്കുന്നില്ലെങ്കിൽ ജോർദാനും ഈജിപ്തിനുമുള്ള സഹായം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വാഷിങ്​ടൺ ഡിസിയിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ട്രംപ്​ കൂടിക്കാഴ്ച നടത്തുന്നുണ്ട്​. ഇതിനിടയിലാണ്​ ട്രംപിന്‍റെ പ്രസ്താവന വരുന്നത്​.

അതേസമയം, വെടിനിർത്തൽ കരാർലംഘനം ഇസ്രായേൽ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം നിർത്തിവച്ചതായി ഹമാസ് അറിയിച്ചിട്ടുണ്ട്​​. ആദ്യഘട്ട വെടിനിർത്തലിന്‍റെ ഭാഗമായി അഞ്ചാം ബന്ദി കൈമാറ്റവും തടവുകാരുടെ മോചനവും നടന്നെങ്കിലും ഇരുപക്ഷവും രൂപപ്പെടുത്തിയ വ്യവസ്ഥകൾ നഗ്​നമായി ലംഘിക്കാനാണ്​ ഇസ്രായേൽ നീക്കമെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി.

തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുക, ഗസ്സയിലെ ആശുപത്രികൾക്കും മറ്റും ​വേണ്ട അടിയന്തര സഹായം തടയുക, വടക്കൻ ഗസ്സയിലേക്ക്​ മടങ്ങുന്ന ഫലസ്​തീനി​കൾക്കു നേരെ ആക്രമണം നടത്തുക, രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്ക്​ വിഘാതം സൃഷ്ടിക്കുക എന്നിവ കരാർ ലംഘനമാണെന്ന്​ ഹമാസ്​ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ പറഞു. കരാർ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന്​ ബന്ദികളുടെ മോചനം നീട്ടിവച്ചതായും അബൂ ഉബൈദ അറിയിച്ചു. അതേസമയം, ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ്​ നൽകി.

Leave a Reply

Your email address will not be published. Required fields are marked *