മൂന്ന് നഗരങ്ങള്‍, ആറ് ജീവിതങ്ങള്‍; മരിച്ച മലയാളി സൈനികന്റെ അവയവങ്ങള്‍ ആറ് ജീവനുകള്‍ കാക്കും

ജീവിതം രാജ്യസേവനത്തിനായി ഉഴിഞ്ഞുവച്ച കാസര്‍ഗോഡ് സ്വദേശിയായ സൈനികന്‍ നിതിന്‍ മരണശേഷവും ആറ് ജീവനുകള്‍ കെടാതെ കാക്കും. കാസര്‍ഗോഡ് വാഹനാപകടത്തില്‍പ്പെട്ട് മസ്തിഷ മരണം സംഭവിച്ച നിതിന്റെ അവയവങ്ങള്‍ ബാംഗ്ലൂരിലെ കമാന്‍ഡ് ഹോസ്പിറ്റല്‍ എയര്‍ഫോഴ്‌സില്‍ നിന്നാണ് വിവിധ നഗരങ്ങളിലുള്ള ആറ് പേര്‍ക്ക് അതിവേഗത്തില്‍ എത്തിച്ച് അവയവമാറ്റ ചരിത്രത്തിലെ തന്നെ പുതിയ നാഴികകല്ലായത്. നിതിന്റെ കോര്‍ണിയ, കരള്‍, രണ്ട് വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയാണ് വിവിധയിടങ്ങളിലെ ആറ് പേരിലൂടെ ജീവന്‍ വീണ്ടെടുത്തത്. 2025 ഫെബ്രുവരി 19ന് മസ്തിഷ്‌ക മരണം സംഭവിച്ച നിതിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യയും സഹോദരനും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ സമ്മതം നല്‍കുകയായിരുന്നു. (COMMAND HOSPITAL CONDUCTS MULTI-CITY ORGAN RETRIEVAL OPERATION)

ട്രാഫിക് സിനിമയ്ക്ക് സമാനമായ പിരിമുറുക്കത്തിന്റേയും അതിവൈകാരികതയുടേയും നിമിഷങ്ങള്‍ താണ്ടിയാണ് നിതിന്റെ അവയവങ്ങള്‍ വിവിധ നഗരത്തിലുള്ളവരിലേക്ക് എത്തിയത്. കര്‍ണാടക സ്റ്റേറ്റ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്, ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ (റിസര്‍ച്ച് & റഫറല്‍) എന്നിവയുടെ മേല്‍നോട്ടത്തിലാണ് നിതിന്റെ കോര്‍ണിയ, കരള്‍, ഒരു വൃക്ക എന്നിവ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എയര്‍ബസില്‍ ഡല്‍ഹിയിലേക്ക് പറന്നത്. ഒരു വൃക്ക ബാംഗ്ലൂരില്‍ തന്നെയുള്ള ഒരു രോഗിയ്ക്ക് ദാനം ചെയ്തു. വിമാന മാര്‍ഗം തന്നെയാണ് ചെന്നൈയിലെ MGM, Gleneaglse ആശുപത്രികളിലേക്ക് ഹൃദയവും ശ്വാസകോശവും എത്തിച്ചത്.

ആര്‍മി ബംഗളൂരു പൊലീസുമായി ചേര്‍ന്ന് ഗ്രീന്‍ കോറിഡോര്‍ സ്ഥാപിച്ചാണ് അതിവേഗം അവയവങ്ങള്‍ കൈമാറ്റം ചെയ്തത്. കാസര്‍ഗോഡ് പെരുമ്പള സ്വദേശിയാണ് നിതിന്‍. ചെല്ലുഞ്ഞി തെക്കേവളപ്പ് വീട്ടില്‍ പരേതനായ എം പി രാജന്റേയും കെ പാര്‍വതിയുടേയും മകനാണ്. 34 വയസായിരുന്നു. അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ ചട്ടഞ്ചാലില്‍ വച്ച് നിതിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *