രണ്ട് ലോകകപ്പ് വിജയങ്ങളിൽ പങ്കാളി; ഏകദിനത്തിൽ നിന്നും വിരമിച്ച് സ്റ്റീവ് സ്മിത്ത്

Steve Smith

സിഡ്നി: ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ആസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പിന്നാലെയാണ് സ്മിത്തിന്റെ തീരുമാനം. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്മിത്താണ് ഓസീസിനെ നയിച്ചിരുന്നത്.Steve Smith

ഇന്ത്യക്കെതിരെ മികച്ച രീതിയിൽ ബ​ാറ്റേന്തിയ സ്മിത്ത് 73 റൺസ് നേടിയിരുന്നു. 170 ഏകദിനങ്ങളിൽ ആസ്ട്രേലിയൻ കുപ്പായമിട്ട സ്മിത്ത് 43.28 ആവറേജിൽ 5800 റൺസാണ് സമ്പാദിച്ചത്. 12 സെഞ്ച്വറികളും 35 അർധ സെഞ്ച്വറികളും പേരിലുള്ള സ്മിത്തിന്റെ ഉയർന്ന സ്കോർ 164 ആണ്. 28 വിക്കറ്റുകളും 90 ക്യാച്ചുകളും നേടി.

‘‘ഏകദിന ക്രിക്കറ്റെന്ന അധ്യായം അടക്കാൻ സമയമായി.ആസ്ട്രേലിയയുടെ മഞ്ഞ ജഴ്സി അണിയാനായത് സന്തോഷമായും രണ്ട് ലോകകപ്പുകൾ നേടിയത് അഭിമാനമായും കാണുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി’’ -സ്മിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2015, 2023 ഏകദിന ലോകകപ്പ് വിജയികളായ ആസ്ട്രേലിയൻ ടീമി​ൽ സ്മിത്ത് അംഗമായിരുന്നു. 2015 ലോകകപ്പ് ഫൈനലിൽ അർധ സെഞ്ച്വറിയും കുറിച്ചു. 35കാരനായ സ്മിത്ത് ടെസ്റ്റ് മത്സരങ്ങളിലും ട്വന്റി 20യിലും കളി തുടരും. 116 ടെസ്റ്റുകളിൽ കളത്തിലിറങ്ങിയ സ്മിത്ത് 10,271 റൺസ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *