ഏക സിവിൽ കോഡിനെതിരായ സി.പി.എം സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: ഏകസിവിൽ കോഡിനെതിരായ സി.പി.എം സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ്. സെമിനാറിലേക്ക് ലീഗിനെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. യുഡിഎഫിന്റെ മറ്റു ഘടകകക്ഷികളെ ക്ഷണിച്ചിട്ടില്ല. യു.ഡി.എഫിന്റെ പ്രധാന ഘടകകക്ഷി എന്ന നിലയിൽ മുസ്‌ലിം ലീഗിന് ഈ സെമിനാറിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ വ്യക്തമാക്കി.

കോൺഗ്രസിനെ മാറ്റിവെച്ച് ഏകസിവിൽ കോഡ് വിഷയത്തിൽ ഒരടി മുന്നോട്ടപോകാൻ ആർക്കും സാധ്യമല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് നേതൃസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല ഏകസിവിൽ കോഡ്, ഇത് പാർലമെന്റിൽ പാസാകാൻ പാടില്ല എന്നതാണ് ലീഗ് നിലപാട്, ഇതൊരു മുസ് ലിം വിഷയമായി കാണരുത്. പ്രതിഷേധം എല്ലാവരും ഏറ്റെടുത്ത് നടത്തേണ്ടിവരും. മുസ് ലിം ലീഗ് യുഡിഎഫിന്റെ പ്രധാന കക്ഷിയാണ്. ഈ വിഷയത്തിൽ ഏറ്റവും നന്നായി പ്രതികരിക്കാൻ കഴിയുക കോൺഗ്രസിനാണ്- സാദിഖലി തങ്ങള്‍ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും കൂടുതൽ എം.പിമാരുള്ള കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള പരിപാടികൾക്ക് പ്രസക്തിയില്ലെന്നും ലീഗ് നേതൃത്വം പറയുന്നു. മുസ്ലീം കോഡിനേഷൻ കമ്മറ്റി യോഗത്തിൽ ഓരോ മത സംഘടനകൾക്കും ഏത് പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കാമെന്ന് തീരുമാനിച്ചിരുന്നു. സിപിഎം സെമിനാറിൽ സമസ്ത പങ്കെടുക്കുന്നതും – ലീഗ് നിലപാടും തമ്മിൽ ബന്ധമില്ലെന്നും നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *