മായാവതി പുറത്താക്കിയ അനന്തരവൻ ആകാശിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് അതാവലെ
ലക്നൗ: ബിഎസ്പിയിൽ നിന്നും മായാവതി പുറത്താക്കിയ അനന്തരവൻ ആകാശ് ആനന്ദിനെ ക്ഷണിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(എ) നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അതാവലെ.Mayawati
“അംബേദ്കറുടെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാൻ ആകാശ് ആനന്ദ് ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരണം. അദ്ദേഹം ചേർന്നാൽ യുപിയിൽ പാര്‍ട്ടിക്ക് കൂടുതൽ കരുത്ത് ലഭിക്കും”- അതാവലെ പറഞ്ഞു.
ദേശീയ കോര്‍ഡിനേറ്റര്‍ പദവിയില്‍നിന്ന് നീക്കിയതിന് പിന്നാലെയാണ് ആകാശിനെ ബിഎസ്പിയില് നിന്നും പുറത്താക്കിയത്. നേരത്തെ പാര്‍ട്ടി പുറത്താക്കിയ, ഭാര്യാപിതാവിന്റെ സ്വാധീനത്തിലാണ് ആകാശെന്ന് ചൂണ്ടിക്കാട്ടിയാണ് പദവിയില്‍നിന്ന് മാറ്റിയതെന്ന് മായാവതി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങള്‍ പശ്ചാത്താപതിന്റേതിന് പകരം ധാര്‍ഷട്യം പ്രകടിപ്പിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം മായാവതിയെ വിമര്‍ശിച്ചും അതാവലെ രംഗത്ത് എത്തി. പേര് മാത്രമേയുള്ളൂവെന്നും പ്രവര്‍ത്തനങ്ങളിലൊന്നും അംബേദ്കറുടെ ആശയങ്ങളില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതോടൊപ്പം പാര്‍ട്ടിയുടെ ഭാവി പദ്ധതിയെക്കുറിച്ചും അതാവലെ വിശദീകരിച്ചു. 2025 പൂര്‍ത്തിയാകുന്നതോടെ 10 ലക്ഷം പുതിയ അംഗങ്ങളെ പാര്‍ട്ടിയിലെത്തിക്കും. 50 ജില്ലകളിൽ കമ്മിറ്റി രൂപീകരിച്ചു. എല്ലാ ജില്ലകളിലും പാർട്ടി കമ്മിറ്റികള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്- അദ്ദേഹം പറഞ്ഞു.