2012ലെ ബലാത്സംഗക്കൊല: മതവികാരം വ്രണപ്പെടുത്തിയതിന് കർണാടകയിൽ യൂട്യൂബർക്കെതിരെ കേസ്, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ബംഗളൂരു: 2012ലെ ബലാത്സംഗ കൊലപാതകക്കേസിലെ വീഡിയോയുടെ പേരിൽ മതവികാരം വ്രണപ്പെടുത്തിയതിന് യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്. യൂട്യൂബര്‍ എംഡി സമീറിനെതിരെയാണ് ബല്ലാരി നഗരത്തിലെ കൗൾ ബസാർ പൊലീസ് കേസെടുത്തത്. എന്നാല്‍ അറസ്റ്റ് ഇടക്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.arrest
കേസുമായി ബന്ധപ്പെട്ട അപ്ലോഡ് ചെയ്ത വീഡിയോക്ക് രണ്ട് കോടിയിലേറെ കാഴ്ച്ചക്കാരെ ലഭിച്ചിരുന്നു. സമീർ തന്റെ യൂട്യൂബ് ചാനലായ ‘ധൂത’യിൽ വീഡിയോ അപ്ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അന്വേഷണത്തെക്കുറിച്ചും കേസുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികളുടെ സ്വാധീനത്തെക്കുറിച്ചും സംശയങ്ങളുന്നയിച്ചിരുന്നു.
ദക്ഷിണ കന്നഡയില്‍ 2012ല്‍ കാണാതാവുകയും പിന്നീട് മാനഭംഗത്തിനിരയായി കൊല്ലപ്പെടുകയും ചെയ്ത കേസിനെക്കുറിച്ചുള്ള വിവരണങ്ങളാണ് സമീറിനെ വെട്ടിലാക്കിയത്. കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങവെയാണ് കുട്ടിയെ കാണാതാകുന്നത്.
കേസുമായി ബന്ധപ്പെട്ട് സന്തോഷ് റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ദക്ഷിണ കന്നഡയിലെ ധർമ്മസ്ഥലയിൽ നിന്നുള്ള വന്‍ സ്വാധീനമുള്ള കുടുംബമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ അന്ന് മുതലെ വിശ്വസിച്ചിരുന്നത്. കേസ് പിന്നീട് സിബിഐക്ക് കൈമാറുകയും ചെയ്തു. 2023ൽ ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതി സന്തോഷ് റാവുവിനെ കുറ്റവിമുക്തനാക്കി. സമീര്‍ എംഡിയുടെ വീഡിയോ വന്നതോടെ ആളുകള്‍ പഴയ സംശയം വീണ്ടും ഉന്നയിക്കാന്‍ തുടങ്ങി.
അതേസമയം വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഉള്ളതാണെന്നും പൊലീസിന് മുന്നില്‍ ഹാജരാക്കുമെന്നും നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സമീര്‍ എംഡി വ്യക്തമാക്കി. നീതിക്കുവേണ്ടിയാണ് ശബ്ദമുയർത്തുന്നതെന്നും താന്‍ ഹിന്ദുവോ മുസ്‌ലിമോ എന്നത് പ്രശ്നമല്ലെന്നും സമീര്‍ വ്യക്തമാക്കി. വീഡിയോ വൈറലായതിന് ശേഷം തനിക്ക് നിരവധി ഭീഷണി കോളുകൾ ലഭിച്ചതായും സമീർ പറഞ്ഞിരുന്നു.