‘കേദാർനാഥിൽ അഹിന്ദുക്കളെ വിലക്കണം’; വിവാദ പ്രസ്താവനയുമായി് ബിജെപി എംഎൽഎ
ന്യൂഡൽഹി: കേദാർനാഥ് ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്കണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ. ആത്മീയ കേന്ദ്രത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്താൻ ചില അഹിന്ദുക്കൾ ശ്രമിക്കുന്നതായി കേദാർനാഥ് എംഎൽഎയായ ആശാ നൗട്ടിയാൽ ആരോപിച്ചു. BJP
പ്രദേശത്ത് ആരെങ്കിലും മാംസം, മത്സ്യം, മദ്യം എന്നിവ വിളമ്പുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ശരിയായ അന്വേഷണത്തിന് ശേഷം മാത്രമേ ഇത് കണ്ടെത്താൻ കഴിയൂ എന്ന് അവർ പറഞ്ഞു.ഈ വിഷയം ചർച്ച ചെയ്യുന്നതിനായി മന്ത്രിയായ സൗരഭ് ബഹുഗുണയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നതായി നൗട്ടിയാൽ പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താൻ ചില അഹിന്ദുക്കൾ ശ്രമിക്കുന്നുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത ചിലർ അഭിപ്രായപ്പെട്ടിരുന്നു. അത്തരം വ്യക്തികളെ തിരിച്ചറിഞ്ഞ് അവിടെ പ്രവേശിക്കുന്നത് വിലക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും നൗട്ടിയാൽ പറഞ്ഞു.
അതേസമയം വൈകാരിക പ്രസ്താവനകൾ നടത്തുന്ന ബിജെപി നേതാക്കളുടെ രീതിയാണ് എന്നായിരുന്നു കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ പ്രതികരണം. ഉത്തരാഖണ്ഡ് ദേവഭൂമിയാണ്. എത്രകാലം ഇവർ എല്ലാത്തിനെയും മതവുമായി ബന്ധിപ്പിക്കും? ജനങ്ങളോട് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ഹരീഷ് റാവത്ത് പറഞ്ഞു.