അതിവേഗ സെഞ്ച്വറിയുമായി പ്രിയാൻഷ്; പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് 220 റൺസ് വിജയലക്ഷ്യം
മുള്ളൻപൂർ: തകർപ്പൻ ബാറ്റിങുമായി യുവതാരം പ്രിയാൻഷ് ആര്യ തകർത്തടിച്ച മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 219 റൺസിന്റെ കൂറ്റൻ സ്‌കോർ. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് സ്‌കോർ പടുത്തുയർത്തിയത്. 39 പന്തിലാണ് പ്രിയാൻഷ് സെഞ്ച്വറി സ്വന്തമാക്കിയത്. ഐപിഎല്ലിലെ വേഗമേറിയ നാലാമത്തെ സെഞ്ച്വറിയും ഒരു ഇന്ത്യക്കാരന്റെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയുമാണിത്.century
37 പന്തിൽ ശതകം തികച്ച യൂസുഫ് പത്താനാണ് ഒന്നാമത്.പഞ്ചാബ് ഇന്നിങ്‌സിന്റെ 13-ാം ഓവറിൽ തന്നെ പ്രിയാൻഷ് സെഞ്ച്വറിയിലെത്തി. 42 പന്തിൽ ഏഴ് ഫോറും ഒമ്പത് സിക്‌സറും സഹിതം 103 റൺസെടുത്താണ് പുറത്തായത്. ചെന്നൈ പേസർ മതീഷ പതിരണയെ തുടരെ രണ്ട് സിക്‌സർ പറത്തിയാണ് താരം വരവേറ്റത്. ഒരുഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും തകർത്തടിച്ചുകൊണ്ടിരുന്ന താരം ആതിഥേയരെ സുരക്ഷിത സ്ഥാനത്തെത്തിച്ച ശേഷമാണ് മടങ്ങിയത്. അവസാന ഓവറുകളിൽ ശശാങ്ക് സിങും(36 പന്തിൽ 52), മാർക്കോ ജാൻസനും(19 പന്തിൽ 34) തകർത്തടിച്ചതോടെ സ്‌കോർ 200 കടന്നു. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഖലീൽ അഹമ്മദ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തിയാണ് യുവതാരം തുടങ്ങിയത്.