പുതുപ്പള്ളിയില്‍ കുമ്മനം ബി.ജെ.പി സ്ഥാനാർഥിയായേക്കും; നായർ സ്ഥാനാർഥി വേണമെന്ന് പൊതു അഭിപ്രായം

കോട്ടയം: പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാർഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കും.അടുത്ത കോർകമ്മിറ്റി യോഗത്തിന് ശേഷം കേന്ദ്രനേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. നായർ വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള പുതുപ്പള്ളിയില്‍ ആ സമുദായത്തില്‍ നിന്ന് തന്നെ സ്ഥാനാർഥി വേണമെന്നാണ് ബി.ജെ.പിയിലെ പൊതുവികാരം.

സഹതാപതരംഗം യുഡിഎഫിന് അനുകൂലമാകുമെന്ന് ഉറപ്പുള്ളതിനാല്‍ സംഘപരിവാർ വോട്ടുകള്‍ ചോരാതെ നോക്കുക എന്ന ഒറ്റ ലക്ഷ്യമേ ബി.ജെ.പിക്കുള്ളൂ. അതിന് കുമ്മനം രാജശേഖരനേക്കാള്‍ മികച്ചൊരു സ്ഥാനാർഥിയെ ആർക്കും നിർദേശിക്കാനില്ല. മണിപ്പൂർ കലാപം ബിജെപിക്കെതിരായ വികാരം ക്രൈസ്തവർക്കിടയില്‍ ഉയർത്തിയതിനാല്‍ ക്രൈസ്തവ വോട്ടുകള്‍ ഇത്തവണ പ്രതീക്ഷിക്കാനാകില്ല.

12 ന് തൃശൂരില്‍ ചേരുന്ന ബിജെപി കോർകമ്മിറ്റി യോഗം സ്ഥാനാർഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കോർകമ്മിറ്റി തീരുമാനം ബിജെപി പാർലമെന്റററി ബോർഡ് അംഗീകരിച്ച ശേഷം ഡല്‍ഹിയില്‍ പ്രഖ്യാപനവും നടക്കും. പാർട്ടി വക്താവ് ജോർജ് കുര്യനെയാണ് പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചുമതല ബിജെപി ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11694 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 2016 ല്‍ ലഭിച്ചതിനേക്കാള്‍ നാലായിരത്തിലധികം വോട്ടുകള്‍ കുറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *